ഐശ്വര്യാ റായിയുടെ സൗന്ദര്യ രഹസ്യങ്ങളെ കുറിച്ച് അറിയാന്‍ താത്പര്യമില്ലാത്തവര്‍ ആരുമുണ്ടായിരിക്കില്ല. തന്റെ ഭക്ഷണക്രമവും ഫിറ്റ്നസ് രഹസ്യവും ഗര്‍ഭാനന്തര സൗന്ദര്യസംരക്ഷണത്തെയുമെല്ലാം കുറിച്ച് അടുത്തിടെ ഐശ്വര്യറായ് ഒരുമാധ്യമത്തോട് തുറന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്.

ലോകത്തെ തന്നെ ഏറ്റവും സുന്ദരികളായ സ്‌ത്രീകളിലൊരാള്‍. ബോളിവുഡ് സ്വപ്നറാണി. ഐശ്വര്യാറായ്‌ക്ക് തുല്യം ഐശ്വര്യാറായ് മാത്രം. പ്രസവത്തിന് ശേഷം ശരീരഭാരം വര്‍ദ്ധിച്ച ഐശ്വര്യയെ പരിഹസിച്ചവരുടെയെല്ലാം വായടപ്പിച്ച് കൊണ്ട് പൂര്‍വ്വാധികം സുന്ദരിയായി അവര്‍ സിനിമയിലും കാന്‍ അടക്കമുള്ള അന്താരാഷ്‌ട്ര വേദികളിലും നിറഞ്ഞു. എന്നാല്‍ ആരാധകരുടെ മനസ്സില്‍ നിരവധിചോദ്യങ്ങളുണ്ട്. എങ്ങനെയാണ് ഐശ്വര്യ ശരീരസൗന്ദര്യവും ഫിറ്റ്നസും വീണ്ടെടുത്തത്. അസാധാരണമായ എന്തെങ്കിലും സൗന്ദര്യചികിത്സാരീതികള്‍ പരീക്ഷിച്ചോ. അങ്ങനെ പലതും. ആ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയാവുകയാണ് അവര്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖം. അമ്മയായതിലെ ആഹ്ലാദവും സന്തോഷവും അനുഭവിച്ച് ആ ദിവസങ്ങളില്‍ തനിക്ക് നേരെ ഉയര്‍ന്ന പരിഹാസങ്ങളെ ശ്രദ്ധിക്കാന്‍ പോലും പോയില്ല. പരിഹസിക്കുന്നതിന്റെ പതിന്മടങ്ങാളുകള്‍ തന്റെ നന്മ ആഗ്രഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം താന്‍ മനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ തുടരുന്ന അതേ ഭക്ഷണരീതി തന്നെയാണ് അന്നും പിന്തുടര്‍ന്നത്. പ്രഭാതത്തില്‍ ഒരുഗ്ലാസ് ചൂട് നാരങ്ങാ വെള്ളം. ഒരു ബ്രൗണ്‍ ബ്രഡും ഒരു കപ്പ് ഓട്സും പ്രഭാതഭക്ഷണം. വേവിച്ച പച്ചക്കറിയും ഒരു കപ്പ് പരിപ്പും ചപ്പാത്തിയും ഉച്ചഭക്ഷണം.

കനലില്‍ചുട്ട ഒരു കഷ്ണം മത്സ്യവും ഒരു കപ്പ് ചോറുംകഴിച്ച് ലഘുവായ രാത്രി ഭക്ഷണം. ദിവസം എട്ട് ഗ്ലാസ് വെള്ളം, ജങ്ക് ഫുഡുകളും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ഒഴിവാക്കി. പഴങ്ങള്‍, കൊഴുപ്പ് തീരെയില്ലാത്ത ആഹാരങ്ങള്‍ എന്നിവ പരമാവധി തന്റെ ഭക്ഷണമേശയില്‍ കൊണ്ടുവന്നു. ചുരുക്കത്തില്‍ ഐശ്വര്യ മെലിഞ്ഞത് പട്ടിണി കിടന്നിട്ടല്ല. കൃത്യമായ ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയുമാണ്. തന്റെ ഫിറ്റ് നസ് രഹസ്യങ്ങളെക്കുറിച്ചും താരം മനസ്സു തുറന്നു. വര്‍ഷങ്ങളായി യോഗപരിശീലിക്കുന്ന ഐശ്വര്യ പ്രവസവ ശേഷം ദിവസം 45 മിനിട് യോഗയ്‌ക്കായി മാറ്റി വച്ചു. പ്രഭാതനടത്തവും ജോഗ്ഗിംഗിനും പുറമേ ആഴ്ചയില്‍ രണ്ട് ദിവസം ജിമ്മിലും വീട്ടില്‍ തന്നെ ചെയ്യുന്ന കാര്‍ഡിയോ എക്‌സര്‍സൈസുകളും. ഇങ്ങനെ ചിട്ടയായ വ്യായാമങ്ങള്‍ കൂടിയാണ് താരകത്തിന്റെ അഴകിന് മാറ്റ് കൂട്ടിയതെന്ന് സാരം.