വെള്ളിത്തിരയിൽ 20 വിജയവർഷങ്ങള്‍, മിന്നുംതാരമായി ഐശ്വര്യ റായ്

വെള്ളിത്തിരയിൽ 20 വിജയവർഷങ്ങൾ പൂർത്തിയാക്കി ഐശ്വര്യ റായ്. ഇരുവറിലൂടെ സിനിമാലോകത്ത് കാൽവച്ച ഐശ്വര്യ 44 ന്റെ ചെറുപ്പവുമായി ഇന്നും താരറാണിമാരിൽ മുൻനിരയിൽ തന്നെയുണ്ട്. ഐശ്വര്യക്ക് ആശംസകൾ അറിയിച്ച് നടി രേഖ അടക്കമുള്ളവർ രംഗത്തെത്തി.

നീ ഒരു പുഴ പോലെയാണ്. എവിടെ പോകണമെന്ന് ആശിക്കുന്നുവോ അവിടെത്തെന്നെ ഒഴുകിയെത്തുന്നു. ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. എന്നിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയര്‍ന്നു- വെള്ളിത്തിരയില്‍‌ 20 വിജയവര്‍‌ഷം പിന്നിട്ട ഐശ്വര്യയെ വികാരനിര്‍‌ഭരമായ വാക്കുകളോടെയാണ് അതുല്യ നടി രേഖ അടയാളപ്പെടുത്തുന്നത്. മായാജാലം തുടരട്ടെയെന്ന് ആഷിന് രേഖയുടെ സ്‍നേഹത്തില്‍‌ ചാലിച്ച കത്ത്. 94ലെ ലോകസുന്ദരിപ്പട്ടം ചൂടി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ റായ് വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. ബോളിവുഡില്‍ ഓഫര്‍ വന്നെങ്കിലും മണിരത്നം ചിത്രത്തിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയത്. ആദ്യ സിനിമതന്നെ നിരൂപകശ്രദ്ധ നേടി.

രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്‍ട്ര പരസ്യ ബ്രാൻഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്‍തി നേടി. അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടര്‍ന്നു. ആരാധ്യക്ക് ജൻമം നല്‍‌കി അധികം വൈകാതെ ക്യാമറയ്‍‌ക്ക് മുന്നിലേക്ക്. നാല്‍‌പ്പത്തിനാലാം വയസ്സിലും യുവതാരങ്ങളെ പോലും പിന്തള്ളി ഐശ്വര്യ റായ് വെള്ളിത്തിരയില്‍ തുടരുന്നു.

ഫനെ ഖാൻ ആണ് ഐശ്വര്യ റായ്‍യുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. അതുല്‍ മഞ്ജരേക്കര്‍‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍‌ ശക്തമായ കഥാപാത്രം. ചിത്രത്തില്‍ ഐശ്വര്യ റായ്‍ക്കൊപ്പം അനില്‍ കപൂറും രാജ്‍കുമാര്‍ റാവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓസ്‍കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച എവരിബഡി ഫെയ്‍മസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫാന്നി ഖാന്‍ ഒരുക്കുന്നത്.