2024ൽ റിലീസ് ചെയ്ത് വൻ ജനശ്രദ്ധനേടിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കേളു, അജയൻ, മണിയൻ എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലേക്കുള്ള കുതിപ്പിലാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര'. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 200 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. അഞ്ച് ഭാഗങ്ങളുള്ള ഫിലിം യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് ചന്ദ്ര. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ സിനിമയായത് കൊണ്ടുതന്നെ വലിയ രീതിയിലാണ് ലോക എന്ന ഫാന്റസി ചിത്രത്തെ തെന്നിന്ത്യൻ പ്രേക്ഷകർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകയും ജിതിൻ ലാൽ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായെത്തിയ 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയും തമ്മിലെ ബന്ധത്തെ കുറിച്ചാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. ടോവിനോ തോമസ് ചാത്തനായാണ് ലോക രണ്ടാം ഭാഗത്തിൽ എത്തുന്നത്. ലോകയിലെ ചാത്തനും അജയന്റെ രണ്ടാം മോഷണത്തിലെ മണിയനും തമ്മിലെ രൂപസാദൃശ്യമാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. അജയന്റെ രണ്ടാം മോഷണം ഫിലിം ഫ്രാഞ്ചൈസിയാണെന്ന് ഇന്നലെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു കഥാപാത്രങ്ങളും തമ്മിലെ ബന്ധത്തെ കുറിച്ച് ചർച്ചയായത്.
എന്നാൽ രണ്ടും രണ്ട് യൂണിവേഴ്‌സ് ആണെന്ന് ടൊവിനോ തന്നെ ഒരു ആരാധകന്റെ കമന്റിന് കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. 2024ൽ റിലീസ് ചെയ്ത് വൻ ജനശ്രദ്ധനേടിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കേളു, അജയൻ, മണിയൻ എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു .ജി.എം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ജിതിൻ ലാൽ ആണ്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറഞ്ഞ അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടിയും ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരുമായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആയിരുന്നു എആർഎമ്മിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ് ആണ്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ആയിരുന്നു സംഗീത സംവിധാനം.
200 കോടിയും കടന്ന് 'ലോക'
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ലോക. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ലോക സ്വന്തമാക്കിയത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.



