ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്തിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു. വിവേഗം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിനാണ് പരുക്കേറ്റത്. അപകടകരമായ സംഘട്ടനരംഗത്ത് ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെങ്കിലും അജിത്ത് ഇത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവേഗത്തിന്റെ അവസാനഘട്ട ചിത്രീകരണം യൂറോപ്പില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു അപകടം. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍, വിവേക് ഒബ്റോയി തുടങ്ങിവരും അഭിനയിക്കുന്നുണ്ട്.

താരത്തിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. പരുക്ക് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിടരുതെന്ന് അജിത് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും യൂണിറ്റില്‍ നിന്നു തന്നെയാണ് അപകട വാര്‍ത്ത പുറത്ത് വന്നത്. നേരത്തെയും ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റിട്ടുണ്ട്. വേതാളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരുക്കേറ്റ അജിത്തിന് എട്ട് മാസത്തോളം വിശ്രമിക്കേണ്ടി വന്നിരുന്നു.