കൊച്ചി: ഫേസ്ബുക്ക് പോസ്റ്റില്‍ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്തിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഫ്ഐആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്‌മൂലവും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

അജു തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തിൽ പറയുന്നു. എഫ്ഐആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്നും ഇരയായ നടി സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.സമൂഹമാധ്യമത്തിൽ ദിലീപിനെ പിന്തുണച്ച് എഴുതിയ കുറിപ്പിൽ നടിയുടെ പേര് പരാമര്‍ശിച്ചതിനാണ് അജു വര്‍ഗീസിനെതിരേ പൊലീസ് കേസെടുത്തത്.

നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അജുവിന്റെ ഫോണും കളമശേരി പൊലീസ് പിടിച്ചെടുത്തിരുന്നു. ആവശ്യമെങ്കിൽ അജുവിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസ് നിലപാട്.