രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച ധീരരക്തസാക്ഷികളുടെ കുടുംബത്തിന് അക്ഷയ് കുമാറിന്റെ ദീപാവലി സമ്മാനം. മഹാരാഷ്‍ട്രയിലെ രക്തസാക്ഷികളായ സൈനികരുടെയും പൊലീസുകാരുടെയും കുടുംബത്തിനാണ് അക്ഷയ് കുമാര്‍ സാമ്പത്തികസഹായം നല്‍കുക.

നൂറ്റിമൂന്ന് കുടുംബങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് അക്ഷയ് കുമാര്‍ നല്‍കിയത്. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ദീപാവലി സമ്മാനം നല്‍‌കുന്ന ഒരു പദ്ധതി നടപ്പിലാക്കുന്ന കാര്യം കോലാപൂര്‍ മേഖലയിലെ പൊലീസ് സേന അറിയിച്ചപ്പോള്‍ അക്ഷയ് കുമാറും ഒപ്പംചേരുകയായിരുന്നു. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായവരുടെ ത്യാഗത്തെ അക്ഷയ് കുമാര്‍ പ്രശംസിക്കുകയും ചെയ്‍തു. ദീപാവലി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ നിങ്ങളിലേക്ക് എത്തുന്നുണ്ടാകും എന്ന് എനിക്ക് അറിയാം. അവരുടെ നഷ്‍ടം നിങ്ങളുടെ കുടുംബത്തെ എങ്ങനെ ബാധിച്ചിട്ടുകുമെന്ന് കണക്കുകൂട്ടാനാവുന്നതല്ല. എല്ലാത്തില്‍ നിന്നും കരകയറാനും നല്ല പുതുവര്‍ഷം ഉണ്ടാകാനും ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കുട്ടികള്‍ക്ക് പുസ്‍തകങ്ങള്‍ വാങ്ങാനും മധുരം വാങ്ങാനുമുള്ള എന്റെ ചെറിയ സമ്മാനം സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു- രക്തസാക്ഷികളുടെ കുടുംബത്തിന് എഴുതിയ കത്തില്‍ അക്ഷയ് കുമാര്‍ പറയുന്നു.