ഇത്തവണത്തെ ഓസ്‌കര്‍ നോമിനേഷനുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധയിലുള്ള സിനിമകളിലൊന്നായിരുന്നു 'റോമ'. പത്ത് നോമിനേഷനുകളാണ് ചിത്രം നേടിയിരുന്നതെങ്കില്‍ പ്രഖ്യാപനം വന്നപ്പോള്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച വിദേശഭാഷാ ചിത്രം. സംവിധായകന്‍, ഛായാഗ്രഹണം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍. സംവിധായകന്‍ അല്‍ഫോന്‍സോ ക്വറോണ്‍ തന്നെയാണ് സിനിമാറ്റോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത്. ക്വറോണിനെ സംബന്ധിച്ച് 2013ല്‍ തന്റെ ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങളുടെ എണ്ണത്തോളം വരില്ലെങ്കിലും (ഗ്രാവിറ്റിക്ക് ലഭിച്ചത് ഏഴ് അവാര്‍ഡുകള്‍) അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ആത്മകഥാംശമുള്ള ചിത്രമായിരുന്നു 'റോമ'. ഗ്രാവിറ്റി ചിത്രീകരിച്ച ഇമ്മാനുവല്‍ ലുബെസ്‌കിയെയാണ് റോമ ചിത്രീകരിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നതെങ്കിലും ലുബെസ്‌കിക്ക് മറ്റ് പ്രോജക്ടുകളുടെ തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ക്വറോണിന്റെ ക്ഷണം സ്വീകരിക്കാനായില്ല. ആത്മകഥാംശമുള്ള സിനിമയായതിനാല്‍ തന്റെ തന്നെ സാധാരണ ചിത്രീകരണ രീതികളില്‍ നിന്ന് വ്യത്യസ്തമായാണ് ക്വറോണ്‍ 'റോമ'യെ സമീപിച്ചത്.

ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ള മറ്റ് സംവിധായകരുടെ 'സ്വാധീനം' 'റോമ'യില്‍ ഉണ്ടാവരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ക്വറോണ്‍ പറഞ്ഞിട്ടുണ്ട്. അറിയാതെവരുന്ന അത്തരം 'സ്വാധീനങ്ങള്‍' പിന്നീട് കണ്ടെത്തിയതിനാല്‍ ചിത്രീകരിച്ച പല മനോഹര ഫ്രെയ്മുകളും ഒഴിവാക്കിയിട്ടുണ്ടെന്നും. അഭിനേതാക്കള്‍ക്കൊന്നും ചിത്രീകരണത്തിന് മുന്‍പ് തിരക്കഥ നല്‍കിയിരുന്നില്ല എന്നതായിരുന്നു മറ്റൊരു പ്രത്യേകത. പ്രധാന കഥാപാത്രമായ 'ക്ലിയോ'യെ അവതരിപ്പിച്ച യലിറ്റ്‌സ അപരീഷിയോ ആണ് അതിന്റെ പ്രയാസം ഏറ്റവുമധികം അനുഭവിച്ചതെന്ന് അല്‍ഫോന്‍സോ ക്വറോണ്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 'റോമ'യിലെ പ്രധാന കഥാപാത്രമായ 'ക്ലിയോ', ക്വറോണിന്റെ ബാല്യകാലോര്‍മ്മകളിലെ ആയ 'ലിബോ'യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ്.

കൂട്ടുകാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച ക്ലിയോ ചാപിള്ളയെയാണ് പ്രസവിക്കുന്നത്. ആ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് നടി യലിറ്റ്‌സയ്ക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ചിത്രീകരണത്തിനിടെ അവര്‍ പൊട്ടിക്കരഞ്ഞുവെന്നും ക്വറോണ്‍ പറയുന്നു. 'അവള്‍ വിതുമ്പുകയായിരുന്നു. എനിക്കത് കണ്ടുനില്‍ക്കാനായില്ല. ഞാന്‍ വേഗം ചെന്ന് അവരെ ആശ്വസിപ്പിച്ചു. ചാപിള്ളയുടെ കാര്യം നേരത്തേ പറയാതിരുന്നതിന് അവളോട് ഞാന്‍ ക്ഷമ ചോദിച്ചു, കട്ട് പറഞ്ഞതിന് ശേഷം. ജീവനുള്ള കുട്ടിയെയാണ് ഞാന്‍ ജന്മം കൊടുക്കുകയെന്നാണ് കരുതിയതെന്ന് അവള്‍ സങ്കടത്തോടെ പറഞ്ഞു.' എന്നാല്‍ ചിത്രീകരണസമയത്ത് ഞെട്ടല്‍ ഉളവാക്കിയെങ്കിലും ആ രംഗം തനിക്ക് ഉള്‍ക്കൊള്ളാനായെന്ന് പിന്നീട് യലിറ്റ്‌സ തന്നോട് പറഞ്ഞെന്നും അല്‍ഫോന്‍സോ ക്വറോണ്‍ പറയുന്നു.