ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ താൻ സംഘിയാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചു. ബിജെപി നേതാവിനൊപ്പമുള്ള ചിത്രത്തിന് നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരം: താൻ സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്ന് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്‍റെ ഒപ്പമുള്ള ഒരു ചിത്രം റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്ക് നേർക്ക് കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായതെന്നാണ് റോബിൻ പുതിയ വീഡിയോയിൽ പറയുന്നത്. പലരും ഭീഷണിപ്പെടുത്താൻ നോക്കുന്നുണ്ടെന്നും അതിലൊന്നും പേടിക്കുന്നയാളല്ല താനെന്നും റോബിൻ പറഞ്ഞു.
ബിജെപിയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ സുരേന്ദ്രനെയും ഇഷ്ടമാണ്. നരേന്ദ്ര മോദി ലോകത്തിലെ തന്നെ ഏറ്റവും പവര്‍ഫുൾ ആയ ആളാണെന്നും റോബിൻ കൂട്ടിച്ചേർത്തു. ഇടത് പക്ഷമായാലും വലത് പക്ഷമായാലും അഴിമതി ഒന്നും ചെയ്യുന്നില്ലേ. ഇവരുടെ എല്ലാ പ്രവർത്തകരും നേതാക്കളും ചെയ്യുന്നതെല്ലാം ശരിയാണോ. ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും പുച്ഛമാണ്. ഇത്ര പുച്ഛിക്കാൻ എന്താണുള്ളത്. ഭീഷണിപ്പെടുത്തുന്നവർക്ക് കേരളം ബിജെപി ഭരിക്കുമെന്ന് പേടിയാണെന്നും ഡോ. റോബിൻ കൂട്ടിച്ചേർത്തു.
അഖിൽ മാരാർ മത്സരിക്കുമോ?
കൊല്ലം കൊട്ടാരക്കരയിൽ ബിഗ് ബോസ് വിജയിയും നടനും സംവിധായകനുമായ അഖിൽ മാരാർ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്നും അഖിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ഒരുവശത്ത് നടക്കുന്നതിനിടെ മൂന്ന് വർഷം മുൻപ് ബിഗ് ബോസിലേക്കുള്ള തന്റെ രംഗപ്രവേശനം ആണ് ഓർമ്മ വരുന്നതെന്ന് പറയുകയാണ് അഖിൽ മാരാർ.
വാശി കയറ്റുന്നതും വെല്ലുവിളികളും തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ അഖിൽ മാരാർ, അതാണ് ബിഗ് ബോസ്സിൽ പോകാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്നും പറയുന്നു. തന്റെ ആഗ്രഹം കോൺഗ്രസ് അധികാരത്തിൽ എത്തണമെന്നാണെന്നും അതിനായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്യുമെന്നും അഖിൽ വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും ജയ സാധ്യത ലക്ഷ്യം വെച്ച് അർഹത ഉള്ളവരെ കണ്ടെത്തി കോൺഗ്രസ് ജയിപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


