അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ലെന്നും നിയമലംഘനമാണെന്നും ആലിയ ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പങ്കുവെക്കപ്പെട്ട ഒരു വീഡിയോയായിരുന്നു ബോളിവുഡ് താര ദമ്പതികളായ രൺബിർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആഡംബര ബംഗ്ലാവിന്റെ കുറച്ച് നിമിഷങ്ങൾ മാത്രമുള്ള വീഡിയോ ക്ലിപ്. ഇപ്പോഴിതാ നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആലിയ ഭട്ട്. ഇത്തരം കാര്യങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആലിയ പറയുന്നത്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ലെന്നും നിയമലംഘനമാണെന്നും ആലിയ ചൂണ്ടികാണിക്കുന്നു.

View post on Instagram

"മുംബൈ പോലുള്ള ഒരു നഗരത്തില്‍ സ്ഥലത്തിന് പരിമിതികളുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ജനലിലൂടെ നോക്കിയാല്‍ കാണുന്നത് മറ്റൊരാളുടെ വീടാകും. എന്നാൽ അത് ചിത്രീകരിക്കാനോ, പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല, ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിര്‍മാണം പൂര്‍ത്തിയാവാത്ത ഞങ്ങളുടെ വീടിന്റെ വീഡിയോ പല മാധ്യമങ്ങളും റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്‌നവുമാണ്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല, അത് നിയമലംഘനമാണ്. അതിനെ ഒരിക്കലും നോർമലൈസ് ചെയ്യപ്പെടരുത്. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വീടിന്റെ ഉള്‍വശം ചിത്രീകരിച്ച വീഡിയോകള്‍ പരസ്യമായി പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോയെന്ന് ചിന്തിക്കുക. നമ്മളാരും അത് ചെയ്യാറില്ല, അതുകൊണ്ട് അത്തരം വീഡിയോകൾ ഓണ്‍ലൈനില്‍ കാണുകയാണെങ്കിൽ ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങളിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് അവ ഉടനടി നീക്കം ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു." ആലിയ കുറിച്ചു. ഇരുനൂറ്റിഅൻപത് കോടിയോളം വിലമതിക്കുന്നതാണ് താരദമ്പതികളുടെ പുതിയ ബംഗ്ലാവ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News