സിനിമയിൽ ഒന്നും തന്നെ ശാശ്വതമല്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം പ്രശംസകളോട് സ്ഥിരമല്ലാത്ത ഒരു ഫീലാണ് തനിക്ക് തോന്നാറുള്ളതെന്നും ഫഹദ് പറയുന്നു.
മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ വാല്യൂ ഉള്ള നടനാണ് ഫഹദ് ഫാസിൽ. വ്യത്യസ്തമായ തന്റെ അഭിനയ ശൈലികൊണ്ട് ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും ഫഹദിന് ഫാൻസ് ഉണ്ടായികൊണ്ടിരിക്കുകയാണ്. അടുത്തിടെ ബോളിവുഡ് താരം ആലിയ ഭട്ട് താൻ ഫഹദിന്റെ വലിയ ആരാധികയാണെന്നും കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ആലിയയുടെ അഭിപ്രായത്തെ കുറിച്ച് സംസാരിക്കുകയാണ് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ. സിനിമയിൽ ഒന്നും തന്നെ ശാശ്വതമല്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം പ്രശംസകളോട് സ്ഥിരമല്ലാത്ത ഒരു ഫീലാണ് തനിക്ക് തോന്നാറുള്ളതെന്നും ഫഹദ് പറയുന്നു.
"അത് വളരെ നല്ലൊരു ഫീലാണ്, പക്ഷെ എല്ലാ സിനിമയിലും നമ്മൾ നല്ലതായിരിക്കണമെന്നില്ല. ഇതെല്ലാം ഒരു പ്രത്യേക സമയത്ത് നിൽക്കുന്ന കാര്യമായിട്ടാണ് തോന്നുന്നത്. ഒന്നും ദീർഘകാലത്തേക്ക് നിലനിൽക്കില്ല. അതൊന്നും ആസ്വദിക്കാനും അവഗണിക്കാനും ഞാനില്ല. ആലിയ അങ്ങനെ പറഞ്ഞതിൽ സന്തോഷമുണ്ട്, അഭിനയിക്കാൻ അവസരം കിട്ടിയാൽ തീർച്ചയായും ചെയ്യും. അതിൽ സംശയമില്ല. പക്ഷെ സിനിമയിൽ ഒന്നും ശാശ്വതമല്ല എന്ന് പറയാറില്ലേ. അതുകൊണ്ട് തന്നെ ഈ കോംപ്ലിമെന്റും സ്ഥിരമല്ലാത്ത ഫീലാണ് എനിക്ക്." ഫഹദ് പറഞ്ഞു.
അതേസമയം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര'യാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ഓണം റിലീസായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്. രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങീ മികച്ച താരനിര അണിനിരക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ്.


