കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തിയെങ്കിലും മോഹന്‍ലാലിന്റെ വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒരു ക്രിസ്മസ് റിലീസ് ആയിരുന്നു. തീയേറ്ററുകളിലെ ക്രിസ്മസ്-പുതുവത്സര സീസണ്‍ ലക്ഷ്യമാക്കിയുള്ള അഡ്വാന്‍സ് റിലീസ് ആയിരുന്നു ചിത്രത്തിന്റേത്. വൈഡ് റിലീസ് ആയിരുന്നതിനാല്‍ മറ്റ് ക്രിസ്മസ് റിലീസുകള്‍ എത്തുംമുന്‍പേ ഒടിയന്‍ തീയേറ്ററുകളില്‍ എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ ഇപ്പോഴിതാ മറ്റ് ക്രിസ്മസ് റിലീസുകളും തീയേറ്ററുകളില്‍ എത്തുകയാണ്, അഥവാ എത്തിത്തുടങ്ങി. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒന്‍പത് ചിത്രങ്ങളാണ് ഈ വാരം തീയേറ്ററുകളില്‍ എത്തുക. വിജയ് സേതുപതിയുടെ 'സീതക്കാതി'യോടെ ക്രിസ്മസ് റിലീസുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചിത്രം ഇന്ന് തീയേറ്ററുകളിലെത്തി. ഏഴ് ചിത്രങ്ങള്‍ വെള്ളിയാഴ്ചയെത്തും. ലാല്‍ജോസിന്റെ കുഞ്ചാക്കോ ബോബന്‍ ചിത്രം തട്ടുംപുറത്ത് അച്യുതന്‍ ശനിയാഴ്ചയും തീയേറ്ററുകളിലെത്തും. ഇത്തവണത്തെ ക്രിസ്മസ് റിലീസുകള്‍ ഇവയാണ്.

ഞാന്‍ പ്രകാശന്‍

16 വര്‍ഷത്തെ ഇടവേളയ്ക്ക് ശഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് വീണ്ടും ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായകനാവുകയാണ്. ചിത്രത്തിന്റെ ടീസര്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഗസറ്റില്‍ പരസ്യം ചെയ്ത് 'പ്രകാശന്‍' എന്ന പേര് 'പി.ആര്‍.ആകാശ്' എന്ന് പരിഷ്‌കരിക്കുന്നയാളാണ് ഫഹദിന്റെ നായകന്‍. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.കുമാര്‍ ആണ്. നിഖില വിമല്‍ ആണ് നായിക.ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. കെപിഎസി ലളിത, സബിതാ ആനന്ദ്, വീണാ നായര്‍, മഞ്ജുള, ജയശങ്കര്‍, മുന്‍ഷി ദിലീപ് എന്നിവരും അഭിനയിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. കെ രാജഗോപാല്‍ എഡിറ്റിംഗ്. കലാസംഗം റിലീസ് പ്രദര്‍ശനത്തിനെത്തിക്കും. 21ന് തീയേറ്ററുകളില്‍.

എന്റെ ഉമ്മാന്റെ പേര്

ടൊവീനോ തോമസിനൊപ്പം ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം. സംവിധാനം ജോസ് സെബാസ്റ്റിയന്‍. സംവിധായകനൊപ്പം ശരത് ആര്‍ നാഥും ചേര്‍ന്നാണ് രചന. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സ്‌പെയിനില്‍ നിന്നുള്ള ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, അല്‍ താരി മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം. 21ന് തീയേറ്ററുകളില്‍.

പ്രേതം 2

ജയസൂര്യ മെന്റലിസ്റ്റിന്റെ റോളിലെത്തിയ രഞ്ജിത്ത് ശങ്കര്‍ ചിത്രം പ്രേതത്തിന്റെ രണ്ടാംഭാഗം. ഹൊറര്‍ കോമഡി ചിത്രത്തില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിത്തന്നെയാണ് ജയസൂര്യ എത്തുന്നത്. ഒരു കാലത്ത് ഒട്ടേറെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന അതേപേരില്‍ സിനിമയില്‍ പശ്ചാത്തലമാവുന്നുണ്ട്. 'ക്വീന്‍' ഫെയിം സാനിയ ഇയ്യപ്പന്‍, 'വിമാനം' ഫെയിം ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയ്ന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. വരികളും സംഗീതവും ആനന്ദ് മധുസൂദനന്‍. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. 21ന് തീയേറ്ററുകളില്‍.

തട്ടുംപുറത്ത് അച്യുതന്‍

വെളിപാടിന്റെ പുസ്തകത്തിന് ശേഷമെത്തുന്ന ലാല്‍ജോസ് ചിത്രം. ചാക്കോച്ചന്‍ നായകനാവുമ്പോള്‍ പുതുമുഖം ശ്രവണയാണ് നായിക. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ജോസ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, സുധീഷ്, ജോണി ആന്റണി, അനില്‍ മുരളി, ഇര്‍ഷാദ്, ബിന്ദു പണിക്കര്‍, സേതുലക്ഷ്മി എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 22ന് തീയേറ്ററുകളില്‍.


മാരി 2

ടൊവീനോയ്ക്ക് സ്‌പെഷ്യല്‍ ക്രിസ്മസ് ആണ് ഇത്തവണ. മലയാളത്തില്‍ നായകനാവുന്ന എന്റെ ഉമ്മാന്റെ പേരിനൊപ്പം അതേദിവസമാണ് ധനുഷിന്റെ പ്രതിനായകനാവുന്ന മാരി 2ഉും എത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. 21ന് തീയേറ്ററുകളില്‍.

സീതക്കാതി

കേരളത്തിലും തരംഗം തീര്‍ത്ത 96ന് ശേഷമെത്തുന്ന വിജയ് സേതുപതി ചിത്രം. തമിഴില്‍ ഇതിനകം സാന്നിധ്യം ഉറപ്പിച്ച അദ്ദേഹത്തിന്റെ 25-ാം ചിത്രമാണ് സീതക്കാതി. ഒപ്പമുള്ളവര്‍ അയ്യ എന്ന് വിളിക്കുന്ന ആദിമൂലം എന്ന നാടകനടന്റെ വേഷത്തിലാണ് സേതുപതി എത്തുന്നത്. സംവിധാനം ബാലാജി തരണീതരന്‍. ഗോവിന്ദ് വസന്തയാണ് സംഗീതം. ചിത്രം ഇന്ന് തീയേറ്ററുകളിലെത്തി.

അടങ്ക മറു

ജയം രവിയെ നായകനാക്കി പുതുമുഖമായ കാര്‍ത്തിക്ക്  തങ്കവേലു സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം. റാഷി ഖന്നയാണ് നായിക. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസറാണ് ചിത്രത്തിലെ നായകന്‍. സ്റ്റണ്ട് ശിവയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.  പൊന്‍വണ്ണന്‍, ബാബു ആന്റണി, സമ്പത്ത് രാജ്,  മുനിഷ് കാന്ത്, അഴകം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും സാം സി എസ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. 21ന് റിലീസ്.

സീറോ

ഒരു ഷാരൂഖ് ഖാന്‍ ചിത്രം ബോക്‌സ്ഓഫീസില്‍ ചലനം സൃഷ്ടിച്ചിട്ട് ഏറെക്കാലമായി. കൗതുകമുള്ള കേന്ദ്രകഥാപാത്രമാണ് സീറോയിലേത്. മൂന്നടി പൊക്കമുള്ളയാളാണ് ഷാരൂഖ് അവതരിപ്പിക്കുന്ന നായകന്‍. തനു വെഡ്സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൗവാ സിംഗ് എന്ന നീളക്കുറവുള്ള കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സിനിമാതാരത്തെ ഡേറ്റ് ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ചിത്രത്തിലെ നായകന്‍. 21ന് തീയേറ്ററുകളില്‍.

കെജിഎഫ്

ഒരു കന്നഡ ചിത്രത്തിന് അപൂര്‍വ്വമായേ വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ലഭിക്കാറുള്ളൂ. ഏറ്റവും ചെലവേറിയ കന്നഡ ചിത്രമെന്ന ലേബലോടെ എത്തുന്ന കെജിഎഫിന് അത് ലഭിച്ചു. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. വിജയ് കിരഗണ്ഡൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്‍. ശ്രീനിധി ഷെട്ടി നായികയാവുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രം പരിഭാഷപ്പെടുത്തി തീയേറ്ററുകളിലെത്തും. രണ്ട് വര്‍ഷംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യഭാഗമാണ് 21ന് തീയേറ്ററുകളിലെത്തുന്നത്.