ഹൈദരാബാദ്: രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷം ചലച്ചിത്രലോകത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു തെലുങ്ക് താരം ചിരഞ്ജീവി. എന്നാല്‍ മകനും, മരുമകനും ഒക്കെ വാഴുന്ന തെലുങ്ക് സിനിമ ലോകത്തേക്ക് മടങ്ങി വരുകയാണ് ചിരൂ. അതിന്‍റെ തുടക്കമായിരുന്നു, അടുത്തിടെ നടന്ന മാ ടിവി ഫിലിം അവാര്‍ഡ് നൈറ്റ്.

ചിരഞ്ജീവിയുടെ ഡാൻസും, അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായിരുന്നു ചടങ്ങിലെ പ്രധാന ഹൈലൈറ്റ്. യുവതാരം അല്ലു അർജുന്‍ മാതുലനും തന്‍റെ പ്രിയനടനുമായ ചിരഞ്ജീവിയുടെ ഡാൻസ് കണ്ട ശേഷം വികാരനിർഭരനായി കരഞ്ഞു. 

എന്നാൽ അല്ലുവിന്റെ കരച്ചിൽ സോഷ്യൽമീഡിയ ആഘോഷമാക്കി. ചിരഞ്ജീവിയുടെ മകൻ രാം ചരൺ ഭാവവ്യത്യാസങ്ങളില്ലാതെ ഡാൻസ് കാണുമ്പോൾ അല്ലു കരഞ്ഞത് ഓവര്‍ ആക്ടിങ്ങായി പോയി എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.

മാ ഫിലിം ആവാര്‍ഡ് നൈറ്റില്‍ പ്രമുഖരുടെ വലിയ നിര തന്നെ പങ്കെടുത്തു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി താരങ്ങൾ അവാർഡിന് എത്തുകയും ചെയ്തു. മെഗാ സ്റ്റാർ ചിരഞ്ജീവി, സൂര്യ, രാം ചരൺ, റാണ ദഗുപതി, അല്ലു അർജുന്‍ എന്നിവരായിരുന്നു ചടങ്ങിലെ പ്രധാനതാരങ്ങൾ.