അമിതാഭ് ബച്ചനും ജയാബച്ചനും സ്വരചേര്‍ച്ചയില്‍ അല്ലെന്ന അമര്‍സിംഗിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദത്തില്‍. താരദമ്പതികള്‍ വര്‍ഷങ്ങളായി രണ്ടു വീടുകളിലാണ് താമസം എന്ന അമര്‍സിംഗിന്റെ പരാമര്‍ശം ആണ് ഇപ്പോള്‍ ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

മാതൃകാ താരദമ്പതികള്‍ സിനിമയ്‌ക്കു പുറത്തും അഭിനയിക്കുകയാണെന്നാണ് അമര്‍സിംഗിന്റെ വെളിപ്പെടുത്തല്‍. ഒരു കാലത്ത് ബച്ചന്‍ കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തന്റെ വാക്കുകളാണ് ബോളിവുഡിലെയും ദേശീയമാധ്യമങ്ങളിലെയും ചര്‍ച്ചാവിഷയം. സമാജ് വാദി പാര്‍ട്ടിയിലെ തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെ ആയിരുന്നു ഏവരെയും ഞെട്ടിച്ച ആ പരാമര്‍ശം.

അമര്‍ സിംഗ് പറഞ്ഞത് ഇങ്ങനെ- ഇന്ത്യയിലെ ഏത് പ്രമുഖ കുടുംബത്തിന്റെയും തര്‍ക്കത്തില്‍ താനാണ് എപ്പോഴും പഴി കേള്‍ക്കുന്നത്. അംബാനിമാര്‍ കലഹിച്ചത് അച്ഛന്റെ സ്വത്തിന് വേണ്ടി. പക്ഷേ ഉത്തരവാദിത്തം തനിക്കായി. അങ്ങനെ പറഞ്ഞു തുടങ്ങി പിന്നാലെ ആണ് ആ വിവാദ വെളിപ്പെടുത്തല്‍. താന്‍ പരിചയപ്പെടും മുമ്പേ ബിഗ് ബിയും ജയയും രണ്ട് വീടുകളിലായിരുന്നു താമസം. ഒരാള്‍ പ്രതീക്ഷയിലും മറ്റൊരാള്‍ ജനകിലും. തീര്‍ന്നില്ല,ജയാബച്ചനും ഐശ്വര്യയും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണക്കാരന്‍ പോലും താനല്ല.

ബച്ചന്‍ കുടുംബത്തിലെ വിള്ളലിനെ കുറിച്ച് അമര്‍സിംഗ് പറഞ്ഞുപോയ വാക്കുകള്‍ ഇപ്പോള്‍ കത്തിപ്പടരുകയാണ്. പഴയ സുഹൃത്തിനുള്ള ബിഗ് ബിയുടെ മറുപടി എന്താകും എന്നറിയാനാണ് എല്ലാവരുടെയും ആകാംക്ഷ. അമര്‍സിംഗ് ആകട്ടെ പറഞ്ഞതൊന്നും തിരുത്തിയിട്ടുമില്ല. നടി രേഖയെ ചൊല്ലിയും അല്ലാതെയും അമിതാഭ് ജയ ബന്ധത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന
അഭ്യൂഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഐശ്വര്യയും ജയയും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലെന്നും അടുത്തകാലത്ത് കേട്ടു. പലതിലും സത്യമുണ്ടെന്നും അത് കേട്ടതിനേക്കാള്‍ കൂടുതലാണെന്നുമുള്ള മട്ടിലാണ് അമര്‍സിംഗിന്റെ വാക്കുകള്‍. എബിപി ന്യൂസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാകുന്നത്.