മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം നിശ്ചലമായപ്പോള്‍ നഗരവാസികളോട് സുരക്ഷിതരായിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടും പോലീസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും പല പ്രമുഖ താരങ്ങളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റര്‍ പോസ്റ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
മഴയുടെ കാരണം ദൈവകോപമാണെന്ന കണ്ടെത്തലാണ് ട്വിറ്ററിലൂടെ അമിതാഭ് ബച്ചന്‍ പങ്കുവെച്ചത്. ദൈവങ്ങള്‍ കോപിച്ചിരിക്കുകയാണെന്നും അതിന്‍റെ ഫലമാണ് കോരിച്ചൊരിയുന്ന മഴയെന്നും എല്ലാവരും സുരക്ഷിതരായിട്ടിരിക്കണമെന്നുമാണ് പോസ്റ്റില്‍ അമിതാഭ് ബച്ചന്‍ പറയുന്നത്.
പ്രതിമയുടെ മുന്‍പില്‍ കുനിഞ്ഞ് നില്‍ക്കുന്ന തന്‍റെ ചിത്രത്തോടെയാണ് താരം ജനങ്ങളോട് സുരക്ഷിതരായിരിക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം നഗരം കനത്ത മഴയില്‍ വലഞ്ഞപ്പോള്‍ ഇതേ ചിത്രത്തോട് കൂടിയാണ് അമിതാഭ് ബച്ചന്‍ മറ്റൊരു കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പ്രകൃതിയോട് പടവെട്ടരുതെന്നും, പഴി പറയരുതെന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന് ചുഴലിക്കാറ്റില്‍ എന്ത് ചെയ്യാന്‍ കഴിഞ്ഞെന്നും അമിതാഭ് ബച്ചന്‍ പോസ്റ്റില്‍ ചോദിച്ചിരുന്നു.
ഇത് വലിയ രീതിയില്‍ ജന രോക്ഷത്തിന് ഇടയാക്കുകയും ഇതേതുടര്‍ന്ന് അമിതാഭ് ബച്ചനെതിരെ ട്രോള്‍ പെരുമഴ ഉണ്ടാകുകയും ചെയ്തിരുന്നു.
