യോഗം പുരോഗമിക്കുന്നു

താരസംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്‍റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. പ്രസിഡന്‍റ് സ്ഥാനം ഒഴിയുകയാണെന്ന് ഇന്നസെന്‍റ് യോഗത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്‍റുമാരായി കെ.ബി.ഗണേഷ്‍കുമാറും മുകേഷും ഒപ്പം ചുമതലയേറ്റു. എന്നാല്‍ സിനിമയിലെ വനിതാസംഘടന ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയവരൊക്കെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

പതിവിന് വിപരീതമായി പൊതുയോഗത്തിലേക്ക് ഇത്തവണ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ വാർത്താസമ്മേളനവും നടത്തുന്നില്ല. ദിലീപിനെ പുറത്താക്കിയ തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്. ദിലീപിനെ പുറത്താക്കുമെന്ന് ഒരു വർഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഇതിനുളള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ദിലീപിനെ എതിര്‍ക്കുന്ന വനിതാ അംഗങ്ങള്‍ അടക്കമുള്ളവരെ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.