ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമെന്ന് വാദം

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരികെയെടുക്കണമെന്ന് അംഗങ്ങള്‍. ഇന്ന് കൊച്ചിയില്‍ നടന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്‍റെ അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ചര്‍ച്ചയ്ക്ക് വരുകയായിരുന്നു. ഊര്‍മ്മിള ഉണ്ണിയാണ് വിഷയം ആദ്യം ഉന്നയിച്ചത്. അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ജോയിന്‍റ് സെക്രട്ടറി സിദ്ദിഖും ഇക്കാര്യത്തില്‍ പ്രതികരിച്ചു.

ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ത്തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്‍റെ വിശദീകരണം പോലും തേടാതെ അത്തരമൊരു നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും ഇടവേള ബാബു യോഗത്തില്‍ പറഞ്ഞു. ദിലീപ് കേസിന് പോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെ എന്നായിരുന്നു സിദ്ദിഖിന്‍റെ അഭിപ്രായം. 

എന്നാല്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായതിനാല്‍ വിശദമായ ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടന്നില്ല. അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നും പുതിയ ഭരണസമിതി തുടര്‍ന്ന് ഉറപ്പ് നല്‍കി. ഇന്ന് യോഗത്തില്‍ പങ്കെടുത്ത താരങ്ങള്‍ കൈയടികളോടെയാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്. പുതിയ പ്രസിഡന്‍റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്‍റുമാരായി കെ.ബി.ഗണേഷ്‍കുമാറും മുകേഷും ഇന്ന് ചുമതലയേറ്റു.