കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉടനെ ഒത്തുതീര്‍പ്പാക്കുമെന്ന് താരസംഘടനയായ അമ്മ. ഷെയ്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അമ്മ നേരിട്ട് നേതൃത്വം നല്‍കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ആലുവയില്‍ നടന്‍ സിദ്ധിഖിന്‍റെ വീട്ടില്‍ വച്ച് ഷെയ്ന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു. 

നിലവില്‍ മുടങ്ങി കിടക്കുന്ന മൂന്ന് ചിത്രങ്ങളും ഉടനെ പൂര്‍ത്തിയാക്കാം എന്ന് ഷെയ്ന്‍ നിഗം അമ്മയെ അറിയിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കളുമായും ഫെഫ്കയുമായുമുള്ള ചര്‍ച്ചകളില്‍ അമ്മ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടനെ ഫെഫ്ക ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം നിര്‍മ്മാതക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. 

ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഇതുവരെയുള്ള പുരോഗതിയും മറ്റു വിവരങ്ങളും അമ്മ പ്രസി‍ഡന്‍റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് മോഹന്‍ലാലില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു. ഇന്നലെ രാത്രിയാണ് ആലുവയില്‍ നടന്‍ സിദ്ധീഖിന്‍റെ മധ്യസ്ഥതയില്‍ ഇടവേള ബാബുവും ഷെയ്ന്‍ നിഗവും കണ്ടത്. അമ്മയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷെയ്ന്‍ അറിയിച്ച സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള നീക്കങ്ങളിലാണ് ഇടവേള ബാബുവും സംഘവും.