ഐഡിഎസ്എഫ്എഫ്കെയ്ക്ക് തുടക്കം

തിരുവനന്തപുരം: ആവിഷ്‍കാര സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ കേരളം മാതൃകയെന്ന് വിഖ്യാത ഡോക്യുമെന്‍ററി ചലച്ചിത്രകാരന്‍ ആനന്ദ് പട്‍വര്‍ധന്‍. ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ച പതിനൊന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചലച്ചിത്ര നിര്‍മ്മാണവും സാമൂഹികപ്രവര്‍ത്തനവും തന്നെ സംബന്ധിച്ച് ഒന്നുതന്നെയാണെന്നും ആനന്ദ് പട്‍വര്‍ധന്‍ അഭിപ്രായപ്പെട്ടു. ഇന്നത്തെ ഇന്ത്യയില്‍ അത്തരത്തില്‍ കലയിലൂടെ ആവിഷ്കരിക്കുക എന്നത് ബുദ്ധിമുട്ടേറിയ വഴിയാണ്. എന്നാല്‍ അതാണ് നമ്മള്‍ ചെയ്യേണ്ടത്. ദേശീയ പുരസ്കാരം തിരിച്ചുകൊടുക്കുന്നത് പോലെയുള്ള പ്രതിഷേധങ്ങള്‍കൊണ്ട് മാറിയ കാലത്ത് പ്രയോജനമൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേരളത്തിന്‍റെ പതിനൊന്നാമത് ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ആനന്ദ് പട്‍വര്‍ധനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്കാരം. ഇത്തവണത്തെ മേളയില്‍ പുതുതായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. ആനന്ദ് പട്‍വര്‍ധന്‍റെ അഞ്ച് ഡോക്യുമെന്‍ററികളും മൂന്ന് മ്യൂസിക് വീഡിയോകളും ഇന്ന് മുതല്‍ 24 വരെ നടക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.