ഗായകന്‍, സംഗീത സംവിധായകന്‍ എന്ന നിലകളില്‍ കൂടി ശ്രദ്ധിക്കപ്പെട്ട മറാത്തി സംവിധായകന്‍ അവധൂത് ഗുപ്തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സ്ക്രീനില്‍ അത്ഭുതം കാട്ടിയ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ സമ്പാദിച്ച ചിത്രം സ്വന്തം നിലപാടുകളുള്ള ഒരു ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് ലിജോയുടെ ആത്മവിശ്വാസവും ഉയര്‍ത്തിയ സിനിമയാണ്. ലിജോ അങ്കമാലിയിലൂടെ അവതരിപ്പിച്ച ആന്‍റണി വര്‍ഗീസും അപ്പാനി ശരത്തും ടിറ്റോ വില്‍സണുമൊക്കെ ഇന്ന് മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ അങ്കമാലി ഡയറീസിന് ഒരു റീമേക്ക് ഒരുങ്ങുന്നു. തമിഴിലോ ഹിന്ദിയിലോ ഒന്നുമല്ല, മറിച്ച് മറാത്തി ഭാഷയിലാണ് ലിജോ ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. കോലാപൂര്‍ ഡയറീസ് എന്നാണ് പേരിട്ടിരിക്കുന്നത്.
ഗായകന്‍, സംഗീത സംവിധായകന്‍ എന്ന നിലകളില്‍ കൂടി ശ്രദ്ധിക്കപ്പെട്ട മറാത്തി സംവിധായകന്‍ അവധൂത് ഗുപ്തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രീകരണം അവസാന ഷെഡ്യൂളിലേക്ക് കടന്ന സിനിമ വൈകാതെ പൂര്‍ത്തിയാവും. അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അതേസമയം ഈ.മ.യൗവിന് ശേഷം ഒരുക്കുന്ന ജല്ലിക്കെട്ട് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് ലിജോ ഇപ്പോള്‍. കഥാകൃത്ത് എസ്.ഹരീഷും ആര്‍.ജയകുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. അങ്കമാലി ഡയറീസിനും ക്യാമറ ചലിപ്പിച്ചത് ഗിരീഷ് ആയിരുന്നു. പ്രശാന്ത് പിള്ള സംഗീതവും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. ഒ.തോമസ് പണിക്കരാണ് നിര്‍മ്മാണം.
