ബ്രസീലിന് വേണ്ടി പൊട്ടിക്കരയുന്ന ഈ കുഞ്ഞിനെ തേടി അനീഷ് ഉപാസന 

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം മുഴുവന്‍ ഫുട്ബോള്‍ ജ്വരം തലയ്ക്ക് പിടിച്ച് പായുമ്പോള്‍ ഒട്ടും പിറകിലല്ലാതെ ഓടിയെത്തുന്നുണ്ട് കൊച്ചുകുട്ടികളും. അവരുടെ ഫുട്ബോള്‍ ആരാധനെ ആരിലും ചിരിപടര്‍ത്തും അല്‍പ്പം ചിന്തയും. ചിരിയും ചിന്തയുമായി ഇത്തരമൊരു വീഡിയോ ആണ് സംവിധായകന്‍ അനീഷ് ഉപാസന ഫേസ്ബുക്കില്‍ ഇന്ന് ഷെയര്‍ ചെയ്തിരിക്കുന്നത്. 

ബ്രസീലിന്‍റെ തോല്‍വിയില്‍ മനംനൊന്ത് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഒരു കൊച്ചുകുഞ്ഞിന്‍റെ വീഡിയോ ആണ് അത്. കണ്ട് ചിരിച്ച് തള്ളുന്നതിന് പകരം ആ കുഞ്ഞിനെ തന്‍റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്ക് കാസ്റ്റ് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അനീഷ്. സൈക്കിള്‍ മറിച്ചിട്ട് ബന്ധുക്കളോട് കരഞ്ഞുകൊണ്ടാണ് അവന്‍ ബ്രസീലിന്‍റെ തോല്‍വിയില്‍ തന്നെ കളിയാക്കിയവരോട് കെഞ്ചുന്നത്.

മധുരക്കിനാവിന്‍റെ ആദ്യ ഭാഗത്തേക്ക് ഒരു കുട്ടിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതെന്ന് അനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കുസൃതിയ്ക്ക് അപ്പുറം ശക്തമായും നിഷ്കളങ്കമായും തന്‍റെ ടീമിന് വേണ്ടി വാദിക്കുന്ന കുഞ്ഞിനെ സിനിമയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും ആ നിഷ്കളങ്കത കണ്ട് ചിരി നിര്‍ത്താനാകുന്നില്ലെന്നും അനീഷ് പറഞ്ഞു. 

അനീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരക്കിനാവ്. മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്ന, തീര്‍ത്തും മലപ്പുറം കാരുടെ കഥപറയുന്ന ചിത്രമാണ് ഇത്. നായകനെ വെളിപ്പെടുത്താനായിട്ടില്ലെന്നും അതേസമയം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അനീഷ് പറഞ്ഞു.