Asianet News MalayalamAsianet News Malayalam

'അഞ്ജലി അമീര്‍ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നു'

ബിഗ് ബോസ് വേദിയിലെ അഞ്ജലി അമീറിന്‍റെ പ്രസ്താവനകളില്‍ പ്രതിഷേധവുമായി ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍

anjali ameer insults transgender community says sruthy sithrara
Author
Thiruvananthapuram, First Published Jul 31, 2018, 7:36 PM IST

ട്രാന്‍സ്‍ജെന്‍ഡര്‍ നടിയും മോഡലുമായ അഞ്ജലി അമീറിന്‍റെ എന്‍ട്രിയായിരുന്നു ബിഗ് ബോസിലെ ഇക്കഴിഞ്ഞ എലിമിനേഷന്‍ എപ്പിസോഡിലെ പ്രധാന ആകര്‍ഷണം. ശ്വേത മേനോന്‍ പുറത്തുപോയ അതേ എപ്പിസോഡിയാണ് കാണികളില്‍ കൗതുകമുണര്‍ത്തി, അഞ്ജലി അമീറിന്‍റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും നടന്നത്. ഒരു ട്രാന്‍സ്‍ജെന്‍ഡര്‍  പ്രതിനിധി എന്ന നിലയില്‍ ആ സമൂഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ താന്‍ ബിഗ് ബോസ് വേദി ഉപയോഗിക്കുമെന്നാണ് ഷോയില്‍ സ്വയം പരിചയപ്പെടുത്തവേ അഞ്ജലി പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച എപ്പിസോഡില്‍ത്തന്നെ അഞ്ജലിയുടെ ചില പ്രസ്താവനകള്‍ ട്രാന്‍സ്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളില്‍ ചിലരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. കേരളത്തില്‍ ഒരുപാട് ഫേക്ക് ട്രാന്‍സ്‍ജെന്‍ഡറുകള്‍ ഉണ്ടെന്നും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യംവച്ച് ക്രോസ് ഡ്രസ്സിംഗ് ചെയ്യുകയാണ് അവര്‍ ചെയ്യുന്നതെന്നും അഞ്ജലി ബിഗ് ബോസ് വേദിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന രീതിയിലാണ് ബിഗ് ബോസില്‍ അഞ്ജലിയുടെ പെരുമാറ്റമെന്ന് ട്രാന്‍സ്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റും മോഡലുമായ ശ്രുതി സിത്താര വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രുതി അഞ്ജലിക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

ബിഗ് ബോസ് വേദിയിലെ അഞ്ജലി അമീറിന്‍റെ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് ശ്രുതി സിത്താര

ഇന്നലത്തെ Big Boss പരിപാടി കാണുവാൻ ഇടയായി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ഒരാൾ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ വന്നപ്പോൾ അഭിമാനം തോന്നി. പക്ഷേ ട്രാൻസ്ജെൻഡർ മുഴുവൻ അപമാനിക്കുന്ന രീതിയിലും സമൂഹത്തിൽ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡർ വ്യക്തിയുടെ പ്രകടനം. ട്രാൻസ്ജെൻഡർസിൽ ഫേക്ക് ആളുകൾ കുറെ ഉണ്ടെന്നും അവർ സെക്സ് വർക്ക്‌ ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാൻ വേണ്ടിയല്ല മറിച്ചു ധനികർ ആവാൻ വേണ്ടി ആണെന്നുമായിരുന്നു നിലപാട്. എന്താണ് ഈ 'ഫേക്ക് ട്രാൻസ്ജെൻഡർ'?. പണ്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ അഞ്ജലിയെ സ്വയം അവർ ഫേക്ക് എന്ന് വിളിക്കുമോ? സർജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാർ ആയപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവൻ അവർക്കു ഉണ്ടായത്. അതിന് മുൻപ് അവർ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം. വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓർക്കണം ഇന്ന് ഇന്ന് നിങ്ങൾ അനുഭവിക്കുന്ന പ്രിവിലേജുകൾക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. സെക്സ് വർക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങൾ അടക്കമുള്ള ഇന്ന് മുഖ്യധാരയിൽ നിൽക്കുന്ന പലരുടെയും തുടക്കം സെക്സ് വർക്കിലൂടെ തന്നെയായിരുന്നു എന്ന്. സെക്സ് വർക്കിനെ ഒരിക്കലും ഞാൻ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു ഫേക്ക് ട്രാൻസ്ജെൻഡർസ് സെക്സ് വർക്ക്‌ ചെയ്തു കാശ് ഉണ്ടാക്കുന്നു എന്ന നിങ്ങളുടെ നിലപാടിനോടുള്ള പുച്ഛം ആണ് ഉദ്ദേശിക്കുന്നത്. സന ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് ആണ് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് അല്ല. അവർ LGBTIQ, സ്ത്രീകൾ, ദളിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നത് പോലും മനസ്സിലാക്കാനുള്ള വിവരം അഞ്ജലിക്ക് ഇല്ലാതെ പോയി.സനക്കു കമ്മ്യൂണിറ്റിയോടുള്ള ആത്മാർത്ഥത പോലും നിങ്ങൾക്കില്ലാതെ പോയി. മണ്ടത്തരം പറയുമ്പോൾ സന അത് കറക്റ്റ് ചെയ്യാൻ നോക്കുന്നുണ്ട്.അതിനോട് പുച്ഛം പ്രകടിപ്പിച്ച നിങ്ങളോടാണ് എനിക്ക് ഇപ്പോൾ പുച്ഛം.നിങ്ങൾ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാൻ പോകുന്നതെന്ന് ഓർക്കുക.ട്രാൻസ്ജെൻർ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റുകതന്നെ വേണം.നിങ്ങൾക്കൊരു നടുവിരൽ നമസ്കാരം.

Follow Us:
Download App:
  • android
  • ios