മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിത്തതില്‍ ആരാധകര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചിത്രമാണ് സ്ഫടികം. ആടുതോമായുടെ മുണ്ടുപറിച്ചുള്ള അടി ആവേശത്തോടെയല്ലാതെ കാണാനാകില്ല. എന്നാല്‍ ഈ സീന്‍ വീണ്ടും മറ്റൊരു ചിത്രത്തിലൂടെ പുനര്‍ജനിച്ചിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നതാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോ. 

രൂപേഷ് പങ്കുവച്ച അംഗരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിന്റെ ടീസറിലാണ് ഈ ദൃശ്യങ്ങളുള്ളത്. എന്നാല്‍ ഈ ദൃശ്യങ്ങളിലുള്ളത് മോഹന്‍ലാല്‍ അല്ല. സ്ഫടികത്തിലെ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് ആണ്. 

ടീസര്‍ പങ്കുവച്ച് രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ 

സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരില്‍ ഇങ്ങനെ ഒന്ന് അഭിനയിക്കാന്‍ പറ്റിയത് ഞാന്‍ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടന്‍ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് നന്നായറിയാം.

നവാഗതനായ പ്രവീണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അംഗരാജ്യത്തിലെ ജിമ്മന്‍മാര്‍’. സുദേവ് നായര്‍, റോണി ഡേവിഡ് രാജ്, രാജീവ് പിള്ള, ശങ്കര്‍ ഇന്ദുചൂഢന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.