കൊച്ചി: മലയാളത്തിലെ എണ്ണം പറഞ്ഞ നിര്‍മ്മാതാവാണ് ആന്‍റണി പെരുമ്പാവൂര്‍. നരസിംഹത്തില്‍ തുടങ്ങിയ ആന്‍റണിയുടെ നിര്‍മ്മാണ ജീവിതം ഒടിയനില്‍ എത്തി നില്‍ക്കുന്നു. ദിവസം 3000ത്തോളം ഷോകള്‍ നടക്കുന്ന മലയാളത്തിലെ ആദ്യത്തെ പടമാണ് ഒടിയന്‍. മോഹന്‍ലാലിന്‍റെ സന്തതസഹചാരി എന്ന നിലയില്‍ തന്‍റെ നിര്‍മ്മാണ ജീവിതത്തില്‍ കേള്‍ക്കുന്ന ഏറ്റവും വലിയ ചോദ്യത്തിന് മറുപടി പറയുകയാണ് ആന്‍റണി. മോഹൻലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി, അത് അങ്ങനെയല്ലെന്ന് പറയുന്ന ആന്‍റണി അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം എന്നും പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്‍റണി ഇത് പറയുന്നത്.

അഭിമുഖത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ പറയുന്നത് ഇങ്ങനെ

മോഹൻലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി. അങ്ങിനെയല്ല എന്നതാണു സത്യം. പക്ഷെ അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം. മോഹൻലാലിനെപ്പോലെ ഒരു വലിയ മനുഷ്യൻ എന്നെ വിശ്വസിച്ചു പണം ഏൽപ്പിക്കുന്നു എന്നതിലും വലിയ  ബഹുമതിയുണ്ടോ. മോഹൻ ലാലിന്റെ പണംകൊണ്ടു നിർമ്മിച്ചാൽ എന്താണുകുഴപ്പം.അതു മോഹൻലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെ. 

പുറത്തു നിൽക്കുന്നവർക്ക് അതിലെന്തുകാര്യം. മോഹൻലാൽ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വിൽക്കട്ടെ. അതിനെന്തിനാണു പുറത്തുള്ളവർ അസ്വസ്ഥരാകുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കിൽ അതു നൽകാവുന്നവർ  സിനിമ നിർമ്മിക്കട്ടെ. പ്രതിഫലം കൂട്ടി മലയാള സിനിമ നശിപ്പിച്ചുവെന്നു പറയുന്ന ഒരാളും എന്റെ പ്രതിഫലം കൂടിപ്പോയി എന്നു പറഞ്ഞു നിർമ്മാതാവിനോ പ്രസാധകനോ ജോലി ചെയ്യുന്ന സ്ഥാനപത്തിനോ തിരിച്ചു കൊടുത്തതായി കേട്ടിട്ടില്ല- ആന്‍റണി പറയുന്നു