മോഹന്‍ലാലിന്റെ സമീപകാല ഹിറ്റ് ചിത്രങ്ങളില്‍ പലതിലും ആന്റണി പെരുമ്പാവൂര്‍ ചെറുകഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. ദൃശ്യത്തിലും പുലിമുരുകനിലും ഒപ്പത്തിലുമൊക്കെ ആന്റണി ചെറുവേഷങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

'ആന്റണി ബാവൂര്‍' എന്ന കൗതുകകരമായ പേരാണ് കഥാപാത്രത്തിന്. ദിലീപിനെ നായകനാക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ജീത്തുജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത് ചിത്രമാണ് ഇത്.

സംവിധായകന്‍ തന്നെ തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുലിമുരുകനും രാമലീലയും അടക്കമുള്ള ഹിറ്റുകള്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും നിര്‍മ്മാണം. ഒരു സര്‍ഫറിന്റെ റോളിലാണ് പ്രണവ് ചിത്രത്തിലെത്തുന്നത്. ബാലിയില്‍ പോയി ഒരു മാസത്തിലധികം സര്‍ഫിംഗ് പിച്ച ശേഷമാണ് പ്രണവ് സിനിമയില്‍ ജോയിന്‍ ചെയ്തത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.