സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് കഴിഞ്ഞാല്‍ റിലീസിന് മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അനുപം ഖേര്‍
ദില്ലി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന് പ്രത്യേക സ്ക്രീനിംഗ് നടത്തണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തില്‍ പ്രതികരണവുമായി അനുപം ഖേര്‍.
സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് കഴിഞ്ഞാല്‍ റിലീസിന് മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അനുപം ഖേര്‍ പറഞ്ഞു. അതേസമയം മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് അനുപം ഖേര്‍ ആണ്.
''500 ലേറെ സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അതില്‍ അധികം രാഷ്ട്രീയ സിനിമകളൊന്നുമില്ല. പിന്നെ ഈ ചിത്രം ബി ജെ പിയെ പിന്തുണയ്ക്കാന്‍ വേണ്ടിയാണെന്ന് എങ്ങനെ പറയാന്‍ കഴിയും ? '' - അനുപം ഖേര്‍ ചോദിച്ചു.
ചിത്രത്തിന്‍റെ റിലീസിന് മുമ്പ് പ്രത്യേക സ്ക്രീനിംഗ് വേണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സത്യജീത് തമ്പെ പട്ടീല്‍ നിര്‍മ്മാതാവിന് കത്തയച്ചിരുന്നു. വസ്തുതയെ തെറ്റായ രീതിയിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കത്തിലൂടെ സത്യജിത്ത് പറയുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിവാദങ്ങളും ആരംഭിച്ചത്. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ ഡോ. മൻമോഹൻ സിംഗ് ആയി അഭിനയിക്കുന്നത്. തുടക്കത്തില്‍ താൻ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചില്ലെന്നാണ് അനുപം ഖേര്‍ പറയുന്നത്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക.
