ബുഷെഹർ ആണവനിലയത്തിന് നേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിന് ശേഷം ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് മലിനീകരണം ടെഹ്‌റാനെക്കാൾ കൂടുതൽ റിയാദ്, അബുദാബി, ദോഹ തുടങ്ങിയ ഗൾഫ് തലസ്ഥാനങ്ങളെയാകും ബാധിക്കുകയെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ടെഹ്‌റാൻ: ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആണവനിലയത്തിന് നേരെയുള്ള ആക്രമണം മൂലം ഉണ്ടാകാൻ സാധ്യതയുള്ള റേഡിയോ ആക്ടീവ് മലിനീകരണം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെക്കാൾ കൂടുതൽ ഗൾഫ് രാജ്യങ്ങളെയാകും ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കൻ-ഇസ്രായേൽ സൈന്യം നാല് തവണ ബോംബെറിഞ്ഞതായി അരാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംയുക്ത വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുക്രൈനിലെ സാപ്പോറീഷ്യ ആണവനിലയത്തിന് സമീപമുണ്ടായ സംഘർഷങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ പ്രകടിപ്പിച്ച ആശങ്കയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവനിലയത്തിന് കേടുപാടുകൾ സംഭവിക്കുന്നത് മേഖലയിലെ ജീവന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരിക റിയാദ്, അബുദാബി, ദോഹ തുടങ്ങിയ ഗൾഫ് തലസ്ഥാനങ്ങളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗൾഫ് രാജ്യങ്ങളെ അമേരിക്കയിൽ നിന്ന് അകറ്റി നിർത്താൻ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അരാഗ്ചിയുടെ മുന്നറിയിപ്പ് വന്നത്. തകർന്ന ബുഷെഹർ പ്ലാന്റിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പുറത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇറാനുമായും ഗൾഫ് രാജ്യങ്ങളുമായും സന്തുലിത ബന്ധം പുലർത്തുന്ന തുർക്കി, യുദ്ധം അവസാനിപ്പിക്കാൻ തീവ്രശ്രമം തുടരുന്നുണ്ട്.


