താന്‍ കണ്ടതില്‍ ഏറ്റവും ഒറിജിനലായ ഗ്യാങ്സ്റ്റര്‍ സിനിമയാണ് വട ചെന്നൈയെന്നാണ് അനുരാഗ് കശ്യപിന്‍റെ പ്രശംസ. ആ ഒറിജിനാലിറ്റി, ചിത്രം പ്രയാസമേതുമില്ലാതെ നേടിയെടുത്തെന്നും അനുരാഗ് പറയുന്നു.
തെന്നിന്ത്യന്‍ സിനിമകളെ എപ്പോഴും സൂക്ഷ്‍മമായി നിരീക്ഷിക്കുന്നയാളാണ് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ്. ശ്രദ്ധേയ മലയാളചിത്രങ്ങളൊക്കെ റിലീസ് സമയത്തുതന്നെ കണ്ട് അഭിപ്രായം പങ്കുവെക്കാറുണ്ട് അദ്ദേഹം. അടുത്തിടെ തന്നെ അത്ഭുതപ്പെടുത്തിയ ഒരു ചിത്രത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. അത് പക്ഷേ മലയാളത്തിലല്ല, തമിഴിലാണ്. വെട്രിമാരന്‍റെ സംവിധാനത്തില്‍ ധനുഷ് നായകനായ 'വട ചെന്നൈ'യെക്കുറിച്ചാണ് അനുരാഗ് തന്‍റെ അഭിപ്രായം പങ്കുവെക്കുന്നത്.
താന്‍ കണ്ടതില്‍ ഏറ്റവും ഒറിജിനലായ ഗ്യാങ്സ്റ്റര്‍ സിനിമയാണ് വട ചെന്നൈയെന്നാണ് അനുരാഗ് കശ്യപിന്‍റെ പ്രശംസ. ആ ഒറിജിനാലിറ്റി, ചിത്രം പ്രയാസമേതുമില്ലാതെ നേടിയെടുത്തെന്നും അനുരാഗ് പറയുന്നു. ഒപ്പം ചിത്രത്തില്‍ തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട ഒരു രംഗത്തെക്കുറിച്ചും അനുരാഗ് പറയുന്നു.

വട ചെന്നൈയെക്കുറിച്ച് അനുരാഗ് കശ്യപ്
"ആന്‍ഡ്രിയ ജെറമിയ, സമുദ്രക്കനി, ധനുഷ്.. പിന്നെ സെന്തില്‍, രാജന്‍, പദ്‍മ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍.. എല്ലാവരും ഗംഭീരമായിരുന്നു. എടുത്തുപറയാനുള്ളത് നായികയുടെ സഹോദരനായ കണ്ണന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണ്. അന്‍പിനുവേണ്ടി (ധനുഷ്) സ്വന്തം അച്ഛനുമായി കണ്ണന്‍ പോരടിക്കുന്ന രംഗം.. അതേക്കുറിച്ചൊക്കെ ഒത്തിരി പറയാനുണ്ട്. താന്‍ ഒരു ഗംഭീര ഫിലിംമേക്കറാണെന്ന് വെട്രിമാരന്‍ തുടര്‍ച്ചയായി തെളിയിക്കുകയാണ്. നമ്മുടെ കാലത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍."
പൊല്ലാത്തവനും ആടുകളത്തിനും ശേഷം ധനുഷ് നായകനാവുന്ന വെട്രിമാരന്‍ ചിത്രമാണ് വട ചെന്നൈ. മുന്‍പ് രണ്ട് തവണ ഒന്നിച്ചപ്പോഴും ബോക്സ്ഓഫീസ് വിജയത്തിനൊപ്പം നിരൂപകപ്രശംസയും ലഭിച്ചിരുന്നു. വടക്കന്‍ ചെന്നൈക്കാരന്‍ അന്‍പ് എന്ന കഥാപാത്രത്തെയാണ് വട ചെന്നൈയില്‍ ധനുഷ് അവതരിപ്പിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാരംസ് കളിക്കാരനായ അന്‍പിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലേക്കാണ് സംവിധായകന്‍ ക്യാമറ തിരിയ്ക്കുന്നത്. അമീര്‍, ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെറമിയ, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, കിഷോര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
