ഐപിഎല്‍ മല്‍സരത്തില്‍ ഗാലറിയില്‍ താരങ്ങളായി സാക്ഷിയും അനുഷ്കയും

ഐപിഎല്ലില്‍ റോയല്‍സ് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം നേടുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ ഗാലറിയിലെ രണ്ടു മുഖങ്ങളെ തേടിയിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നതോടെ ക്യാമറക്കണ്ണുകളും തിരഞ്ഞത് ഗാലറിയിലെ താരങ്ങളെ തന്നെയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ റായിഡുവും നായകന്‍ ധോണിയുടെയും പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയിപ്പിച്ചത്.

റോയല്‍സ് ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്കയും മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യ സാക്ഷിയുമായിരുന്നു ഗാലറിയിലെ താരങ്ങള്‍. ഗ്രൗണ്ടില്‍ പോര് മുറുകുമ്പോള്‍ ഗാലറിയില്‍ താരങ്ങള്‍ക്ക് പിന്തുണയുമായിയെത്തിയ ഇരുവരുമുണ്ടായിരുന്നു. 

മല്‍സരത്തിന്റെ സമ്മര്‍ദ്ദം കളിക്കിടയില്‍ പ്രകടമായില്ലെങ്കിലും മല്‍സര ശേഷം അനുഷ്ക ഗാലറിയില്‍ ഇരുന്ന് കരഞ്ഞു. അതേസമയം മല്‍സര സമയത്ത് ഉടനീളം സമ്മര്‍ദ്ദം നിറഞ്ഞ മുഖവുമായി കണ്ട സാക്ഷി മല്‍സര ശേഷം സന്തോഷത്തോടെയാണ് മകള്‍ സിവയ്ക്കപ്പം മടങ്ങിയത്. ഭര്‍ത്താക്കന്മാര്‍ക്ക് പിന്തുണയുമായി എത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ കുറഞ്ഞ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.