ദില്ലി: താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ എപ്പോള്‍ വിവാഹം കഴിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ. വിവാഹം തീരുമാനത്തില്‍ ഉണ്ട് എന്നാല്‍ എപ്പോള്‍ ആയിരിക്കുമെന്ന് പറയാനാകില്ല. ഇതുവരെ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും കാര്യങ്ങളെല്ലാം ജീവിതത്തില്‍ അതിന്റേതായ വഴിയില്‍ തന്നെ സംഭവിക്കുന്ന തനിക്ക് വിവാഹവും ആ രീതിയില്‍ തന്നെ നടക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു.

ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ജന്മദിന പാര്‍ട്ടിയില്‍ തിങ്കളാഴ്ച കോഹ്‌ലിയുമൊത്ത് എത്തിയതിന് പിന്നാലെയാണ് അനുഷ്‌ക്ക ചോദ്യങ്ങളോട് പ്രതികരിച്ചത്. 2014 മുതല്‍ താന്‍ വിരാട് കോഹ്‌ലിയുമായി പ്രണയത്തിലാണ്. സാധാരണ രണ്ടു യുവാക്കള്‍ പ്രണയിക്കുന്നത് പോലെ മാത്രമായിരുന്നു അത്. 

ഇക്കാര്യം താനോ വിരാട് കോഹ്‌ലിയോ ഒരിക്കലും മറച്ചുവെച്ചിട്ടില്ലെന്നും പറഞ്ഞു. വിവാഹശേഷവും സാധാരണ പോലെ തന്നെ അഭിനയത്തില്‍ തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അനുഷ്‌ക്ക പറഞ്ഞു. ആധുനിക കാലത്ത് കാര്യങ്ങള്‍ മാറിമറിഞ്ഞു. വിവാഹം കഴിഞ്ഞാലും സ്ത്രീകള്‍ ജോലി തുടരുന്നുണ്ട്. താനും ആ രീതി പിന്തുടരാനാണ് ആഗ്രഹിക്കുന്നത്. നടിമാര്‍ ഷെല്‍ഫ് ജീവിതം നയിക്കുന്നതിനെ താന്‍ ഏറെ വെറുക്കുന്നെന്നും അനുഷ്‌ക്ക പറഞ്ഞു. 

അടുത്തകാലത്ത് വിവാഹമോചനം ഇന്ത്യയില്‍ കൂടുന്നുണ്ട്. എന്നിരുന്നാലും താന്‍ ഇപ്പോഴും അക്കാര്യത്തില്‍ പഴഞ്ചനാണ്. ജീവിതത്തില്‍ വിവാഹം ഒരിക്കല്‍ മാത്രമാണ് സംഭവിക്കേണ്ടതെന്നും അതുമായി ശിഷ്ടജീവിതത്തില്‍ തുടരുകയും വേണം എന്നത് തന്നെയാണ് തന്റെ നയമെന്നും പറഞ്ഞു. 

രാജ്യത്ത് വിവാഹമോചനം കൂടാന്‍ കാരണം സ്ത്രീകള്‍ അടിസ്ഥാനപരമായി മാറി എന്നതിനാലാണ്. അവരുടെ ചിന്താഗതികള്‍ മാറിയിരിക്കുന്നു. ഇനി പഴയത് പോലെ തുടരില്ലെന്നും അനുഷ്‌ക്ക പറയുന്നു. ഒരാള്‍ വിചാരിച്ചത് കൊണ്ടു മാത്രം വിവാഹം എക്കാലവും നിലനില്‍ക്കുന്നില്ല. ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രമേ വിവാഹം നിലനില്‍ക്കൂ എന്നും അനുഷ്‌ക്ക പറഞ്ഞു.