Asianet News MalayalamAsianet News Malayalam

സിനിമയിൽ നായകന്‍മാര്‍ കൂടുതൽ പ്രതിഫലം അർഹിക്കുന്നു: അപര്‍ണ ബാലമുരളി

അനാഥയായ അല്ലെങ്കിൽ ജീവിത ദുരിതങ്ങൾ പേറുന്ന കഥാപാത്രങ്ങളെയാണ് പലപ്പോഴും ഇവിടെ സ്ത്രീ കേന്ദ്രികൃത സിനിമക്കായി തിരഞ്ഞെടുക്കുന്നത്.

Aparna Balamurali Interview

കൊച്ചി: മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അപർണ ബാലമുരളി. നാലു വർഷത്തിനകം 13 സിനിമകളിൽ അഭിനയിച്ച അപർണ ഫിലിം ഫെയർ അടക്കം 6 അവാർഡുകൾ നേടി. അഭിനയത്തിൽ മാത്രമല്ല പാട്ടിലും തന്റെ കഴിവ് തെളിയിച്ച ഇവർ ഇതുവരെ അഞ്ചു സിനിമയിൽ പാടിയിട്ടുണ്ട്. സ്ക്രിപ്റ്റ് വായിക്കാതെ സിനിമ തിരഞ്ഞെടുക്കുന്ന അപർണ  ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

സിനിമയിൽ എത്തിയത്

സിനിമ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എങ്കിലും എത്തി ചേരാനുള്ള മാർഗങ്ങൾ അറിയില്ലായിരുന്നു. ആദ്യം ചെയ്തത് അരവിന്ദൻ നെല്ലുവായിയുടെ ഷോർട് ഫിലിം ആണ്. ടി. ജി. രവിക്കൊപ്പം. ഒരു സെക്കൻഡ് ക്ലാസ് യാത്രയാണ് സിനിമയിലേക്കുള്ള വഴി ഒരുക്കിയത് .

തുടക്കക്കാരിയുടെ പേടിയെ കുറിച്ച്  

ക്യാമറയുടെ മുന്നിൽ വരാൻ ആദ്യ തവണ പോലും പേടി തോന്നിയില്ല. ഒരു ചെറിയ കുട്ടിയെപ്പോലെ മറ്റുള്ളവർ പറയുന്നത് ചെയ്യുക എന്നത് മാത്രമായിരുന്നു എനിക്കാദ്യം അഭിനയം. ഇപ്പോഴാണ് പേടി തോന്നി തുടങ്ങിയത്. കൂടെയുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ചു തുടങ്ങിയത് കുറച്ചു സിനിമകൾ കഴിഞ്ഞ ശേഷം മാത്രമാണ്.

സിനിമ തിരഞ്ഞെടുക്കുന്നത്

കഥാപാത്രങ്ങളുടെ പ്രാധാന്യവും സീനുകളുടെ പ്രസക്തിയും നോക്കിയാണ് തിരഞ്ഞെടുക്കുന്നത്. മുഴുനീള കഥാപാത്രം വേണം എന്നൊന്നും ഇല്ല. എന്നാൽ പ്രാധാന്യം ഉണ്ടാകണം. ഇത് വരെ മഹേഷിന്റെ പ്രതികാരത്തിലെ ജിംസി ആയിരുന്നു ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം. ഇപ്പൊൾ ഇഷ്ടം കാമുകിയിലെ അച്ചാമ്മയോടാണ്. ഇന്ന് വരെ ചെയ്തതിൽ എന്റെ സ്വഭാവത്തോടു ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമാണത്.

Aparna Balamurali Interviewസ്ക്രിപ്റ്റ് വായിക്കാൻ ഇഷ്ടമില്ല

സാധാരണയായി സ്ക്രിപ്റ്റ് കേൾക്കുകയാണ് ചെയ്യുക. വളരെ അപൂർവമായി വായിക്കേണ്ടി വന്നാൽ തന്നെ ഒരാവർത്തിയിൽ കൂടുതൽ വായിക്കില്ല. കേട്ട് കഥാപാത്രത്തെ ഇഷ്ടപ്പെട്ടാൽ ചെയ്യാൻ തീരുമാനിക്കും. എങ്കിൽ കൂടിയും കഥാപാത്രത്തിന് പൂർണമായ ഒരു ഇമേജ് കൊടുക്കാൻ ശ്രമിക്കാറില്ല. സംവിധായകൻ പറയുന്ന രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്.

അഭിനയത്തിനുള്ള തയ്യാറെടുപ്പുകൾ

സംവിധായകൻ പറയുന്നതനുസരിച്ചാണ് ഞാൻ അഭിനയിക്കുന്നത്. മുൻകൂട്ടി കഥാപാത്രത്തിനായി തയ്യാറെടുപ്പുകളൊന്നും നടത്താറില്ല.  ഒരു കാര്യം പഠിച്ചു വച്ചാൽ പിന്നീടത് മാറ്റുക എനിക്ക് ബുദ്ധിമുട്ടാണ്. പാട്ടിന്റെ കാര്യം ആയാലും അഭിനയത്തിന്റെ കാര്യം ആയാലും. സംവിധായകൻ പറയുന്നതിനനുസരിച്ചു അഭിനയിച്ചു തുടങ്ങും. രണ്ടു മൂന്നു ദിവസം ആകുമ്പോഴേക്കും കഥാപാത്രത്തെ മനസിലാകും.

ബോൾഡ് ആയ കഥാപാത്രങ്ങൾ  

ഞാൻ അത്ര ആത്മവിശ്വാസം ഉള്ള ആളൊന്നും അല്ല. എന്ത് ചെയ്തു കഴിഞ്ഞാലും ശരിയായോ ശരിയായോ എന്ന് ചോദിച്ചു കൊണ്ടിരിക്കും. തൃശ്ശിവപേരൂർ ക്ലിപ്തം ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ സംവിധായകനോട് ചോദിച്ചു നിങ്ങള്ക്ക് അബദ്ധം പറ്റിയതാണോ എന്ന്. തൃശ്ശൂർ ഭാഷയോ കഥാപാത്രത്തിന് ചേരുന്ന ഒരാളോ ഒന്നും ആയിരുന്നില്ല ഞാൻ. അപ്പോഴാണ് ഞാൻ അറിയുന്നത് ഭാഗീരഥി എന്ന കഥാപാത്രം സീനിയർ ആയ ഒരു നടി ചെയ്യേണ്ടതായിരുന്നു. അത് ശരിയാകാതെ ഇരുന്നതിനാലാണ് എനിക്ക് അവസരം ലഭിച്ചതെന്ന്.

സ്ത്രീകേന്ദ്രികൃത സിനിമ

പലപ്പോഴും സ്ത്രീകേന്ദ്രികൃത സിനിമ എന്ന രീതിയിൽ പറയുന്ന കഥകൾ ഒട്ടും വിശ്വസനീയമല്ല. അനാഥയായ അല്ലെങ്കിൽ ജീവിത ദുരിതങ്ങൾ പേറുന്ന കഥാപാത്രങ്ങളെയാണ് പലപ്പോഴും ഇവിടെ സ്ത്രീ കേന്ദ്രികൃത സിനിമക്കായി തിരഞ്ഞെടുക്കുന്നത്. റാണി മുഖർജിയുടെ 'ഹിച്കി' പോലെയോ ദീപിക പദുക്കോണിന്റെ 'പിക്കു' പോലെയോ ഉള്ള കഥാപാത്രങ്ങൾ ഇവിടെ ഉണ്ടാകുന്നില്ല. കാമുകിയിലെ അച്ചാമ്മ എന്ന കഥാപാത്രം ഇത്തരത്തിൽ ഒന്നാണ്.

റാഗിങ്ങിനോടും ഉയരത്തിനോടും പേടി

റാഗ്ഗിങ് ഒഴിവാക്കുന്നതിന് വേണ്ടിയാണു ഒരു പുതിയ കോളേജിൽ ചേർന്നത് തന്നെ. ഇത് വരെ റാഗ്ഗിങ് കിട്ടിയിട്ടില്ല, ചെയ്തിട്ടും ഇല്ല. പെട്ടെന്ന് കരയുന്ന പ്രകൃതമാണ് എന്റേത്. ഒറ്റ കുട്ടി ആയതിനാലാവാം ഏറെ സെൻസിറ്റീവ് ആണ് ഞാൻ. ഉയരത്തിനോടും എനിക്ക് പേടിയാണ്.

സെറ്റിലെ പേടി അതിജീവിക്കുന്നത്

ഒരു പുതിയ സിനിമ തുടങ്ങുമ്പോൾ എല്ലാവരും അവിടെ ആദ്യമാണ്. എത്ര വലിയ ആക്ടർ ആണെങ്കിലും ഞാൻ ചെയ്യുന്നത് ശരിയാകുന്നുണ്ടോ, പിന്നിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്നെല്ലാം ചിന്തിച്ചു കൊണ്ടിരിക്കും. എല്ലാവരും ഒരേപോലെ ആയതു കൊണ്ട് പ്രശനം  ഇല്ല.

സീനിയർ ആക്റ്റേഴ്സിനൊപ്പം അഭിനയിക്കുമ്പോൾ

സീനിയർ ആയുള്ളവർ എപ്പോഴും സപ്പോർട്ടീവ് ആയിരിക്കും. കളിയാക്കിയാലോ വഴക്കു പറഞ്ഞാലോ പിന്നീട് എനിക്കൊന്നും ചെയ്യാൻ പറ്റില്ല. അതാവും റാഗ്ഗിങ്ങിനെ എനിക്കിത്ര പേടി. പെട്ടെന്ന് കരയുന്ന പ്രകൃതമാണ് എന്റേത്. ടെൻഷൻ ഉള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഇത്തിരി കുറവാണ്.

സമപ്രായക്കാരോടൊപ്പം  അഭിനയിക്കുന്നതിനെക്കുറിച്ച്

അവരിൽ പലരും സുഹൃത്തുക്കളാണ്. അത് കൊണ്ട് തന്നെ ഏറെ റിലാക്സ്ഡ് ആയി അഭിനയിക്കാൻ സാധിയ്ക്കും. ഒരുമിച്ചിരുന്നു സ്ക്രിപ്റ്റ് വായിച്ചും ചർച്ച ചെയ്തും ഒക്കെയാണ് അഭിനയിക്കുക. ഇത് ഏറെ ഗുണം ചെയ്യും. മുതിർന്ന താരങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ അവർക്കു നമ്മളെ സഹായിക്കാൻ പറ്റും.

താരങ്ങളുടെ പ്രതിഫലത്തെ പറ്റിയുള്ള വിവാദം

സിനിമയിൽ നായകന്‍മാര്‍ കൂടുതൽ പ്രതിഫലം അർഹിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. ഒരു സിനിമ വിജയിച്ചില്ല എന്ന് കരുതി എനിക്ക് അടുത്ത സിനിമ കിട്ടാതിരിക്കില്ല. ഒരു സിനിമ എപ്പോഴും നായകന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിന്റെ വിജയ പരാജയങ്ങൾ നടന്മാരുടെ എക്സിസ്റ്റൻസിനെ ബാധിക്കും. ഒരു സിനിമ ഏതു നടന്റെ ആണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. നടന്മാരുടെ അത്ര അധ്വാനം മറ്റുള്ളവർക്ക് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.

Aparna Balamurali Interviewപാട്ടോ അഭിനയമോ

രണ്ടും ഇഷ്ടമാണ്. വീട്ടിൽ പാട്ട് പ്രധാനമാണ്. അച്ഛനും അമ്മയും പാട്ടുകാരാണ്. അതുകൊണ്ടു പാട്ടു പാടുമ്പോൾ പേടി കൂടുതലാണ്. അച്ഛന്റെ മുന്നിൽ പാടാൻ ഇപ്പോഴും ഭയമാണ്. പക്ഷെ റെക്കോർഡിങ്ങിനു പോകുമ്പോൾ അച്ഛൻ കൂടെ വേണം. ചില കാര്യങ്ങളൊക്കെ അച്ഛൻ പറഞ്ഞു തന്നാൽ മനസിലാക്കാൻ എളുപ്പമാണ്. എനിക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരും.

തമിഴ് പറയുന്ന അപർണ്ണ

വീട്ടിൽ തമിഴുമായി ബന്ധമുണ്ട്. അമ്മൂമ്മ സേലത്താണ് പഠിച്ചത്. അച്ഛനും അമ്മയും തമിഴ് പറയുകയും എഴുതുകയും ചെയ്യും. അത് കൊണ്ട് എനിക്കും തമിഴ് പറയാൻ അറിയാം. തമിഴ് പാട്ടുകളുടെ വരികളുടെ അർത്ഥം അമ്മമ്മയോടാണ് ചോദിക്കുക. അതിനാലാണ് തമിഴ് പാട്ടു പാടാൻ എളുപ്പം സാധിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios