മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവരുടെ ചിത്രങ്ങളാണ് റഹ്മാൻ ആരാധകരുമായി പങ്കുവച്ചത്. ഹലോ മാഗസിനുവേണ്ടി പോസ് ചെയ്യുന്ന ചിത്രം എന്ന അടിക്കുറിപ്പോടെയാണ് റഹ്മാൻ ചിത്രങ്ങൾ പങ്കുവച്ചത്.   

മുംബൈ: മകൾ മുഖം മൂടുന്ന തരത്തിലുളള നിഖാബ് ധരിച്ചെത്തിയത് വിവാദമായതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ മക്കളുടെ ചിത്രങ്ങൾ പങ്കുവച്ച് എ ആർ റഹ്മാൻ. മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവരുടെ ചിത്രങ്ങളാണ് റഹ്മാൻ ആരാധകരുമായി പങ്കുവച്ചത്. ഹലോ മാഗസിനുവേണ്ടി പോസ് ചെയ്യുന്ന ചിത്രം എന്ന അടിക്കുറിപ്പോടെയാണ് റഹ്മാൻ ചിത്രങ്ങൾ പങ്കുവച്ചത്.

ചിത്രത്തിൽ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് മൂഖം മറച്ചാണ് ഖദീജയാണുള്ളത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രം വൈറലായി. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. 

View post on Instagram

ബോളിബുഡ് ചിത്രം സ്ലംഡോഗ് മില്യണയറിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച പരിപാടിയിലാണ് ഖദീജ മുഖം മൂടുന്ന തരത്തിലുളള നിഖാബ് ധരിച്ചെത്തിയത്. ചലച്ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിന്‌ 2009ൽ ഓസ്കര്‍ പുരസ്കാരം ലഭിച്ച എആർ റഹ്‌മാനും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ റഹ്മാനെ അഭിമുഖം ചെയ്യാനുളള അവസരം ഖദീജയ്ക്കാണ് ലഭിച്ചത്. 

View post on Instagram

കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. ഇതിനെതിരെ രൂക്ഷവിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നത്. റഹ്മാനെ പോലൊരാൾ തന്റെ മകളെ ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നത്‌ എന്തുകൊണ്ടെന്നാണെന്ന തരത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. റഹ്മാന്റെ മകള്‍ ‘യാഥാസ്ഥിതികവേഷം’ ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലും അഭിപ്രായങ്ങളും ഉയർന്നിരുന്നു.

എന്നാൽ ഇതിനെതിരെ വിശദീകരണവുമായി റഹ്മാൻ‌ രംഗത്തെത്തിയിരുന്നു. ‘freedom to choose’ എന്ന ഹാഷ് ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് റഹ്മാന്‍ വിമര്‍ശകർക്ക് തക്കതായ മറുപടി നൽകിയത്. ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളു. മറ്റൊരു മകള്‍ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രം ധരിച്ചിട്ടുള്ളത്. ഈ ഫോട്ടോയിലും ഖദീജ മുഖം മൂടുന്ന തരത്തിലുളള നിഖാബാണ് ധരിച്ചിരിക്കുന്നത്.

View post on Instagram

സംഭവത്തിൽ ഖദീജയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ആരുടെയും നിര്‍ബന്ധപ്രകാരമല്ല താൻ വസ്ത്രം ധരിക്കുന്നതെന്ന് ഖദീജ പറഞ്ഞു. ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ടെന്നും തന്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഖദീജ പറഞ്ഞു. വസ്ത്രധാരണം ഓരോരുത്തരുടേയും ഇഷ്ടമാണ്. സ്വാതന്ത്ര്യമാണ്. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നതില്‍ അര്‍ത്ഥമില്ല. കാര്യങ്ങള്‍ മനസിലാക്കാതെ അതിനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നും ഖദീജ കൂട്ടിച്ചേർത്തു.