അവസരത്തിന് വലിയ സന്തോഷം അറിയിച്ച അരിസ്‌റ്റോ സുരേഷ് തനിക്കുള്ള മറ്റൊരു ആഗ്രഹവും രാജീവ്കുമാറിനോട് പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാനിക്കുമ്പോള്‍ മത്സരാര്‍ഥികളായ മിക്കവരെയും തേടിയെത്തുന്നത് വന്‍ അവസരങ്ങളാണ്. സാബുവിനും ദിയ സനയ്ക്കുമൊക്കെ സിനിമയില്‍ അവസരം ലഭിച്ചിട്ടുണ്ട്. അതിന്റെ അറിയിപ്പുകള്‍ പിന്നാലെയെത്തും. അനൂപ് ചന്ദ്രന്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. രണ്ട് പ്രധാന നായക കഥാപാത്രങ്ങളും ബിഗ് ബോസില്‍ നിന്നുതന്നെ. ബഷീര്‍ ബഷിയും ഡേവിഡ് ജോണുമാണ് തന്റെ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് അനൂപ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനകം ഫിനാലെ വേദിയില്‍ പ്രഖ്യാപിക്കപ്പെട്ട വലിയൊരു സിനിമാ അവസരം അരിസ്റ്റോ സുരേഷിനാണ്.

ഫൈനലിസ്റ്റുകളായ അഞ്ച് പേരില്‍ ആദ്യം എലിമിനേറ്റ് ചെയ്യപ്പെട്ട അരിസ്റ്റോ സുരേഷിനാണ് ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം സിനിമാമേഖലയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഫിനാലെ വേദിയില്‍ നടത്തിയത്. സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അരിസ്‌റ്റോ മുഖ്യമേഷത്തില്‍ എത്തുന്നത്. ടി കെ രാജീവ്കുമാര്‍ ഫിനാലെ വേദിയില്‍ എത്തിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കോളാമ്പി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അരിസ്റ്റോ നായകനാവുക. ആംപ്ലിഫയര്‍ നാണു എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരേഷിനെ നേരത്തേ തീരുമാനിച്ചിരുന്നെന്നും ബിഗ് ബോസ് കഴിയാനായി കാത്തിരിക്കുകയായിരുന്നെന്നും രാജീവ്കുമാര്‍ പറഞ്ഞു. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക ദിലീഷ് പോത്തനാണ്. അണിയറയിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിള്‍. സംഗീതസംവിധാനം രമേഷ് നാരായണന്‍, ശബ്ദസംവിധാനം റസൂല്‍ പൂക്കിട്ടി എന്നിവര്‍ നിര്‍വ്വഹിക്കും. 

എന്നാല്‍ അവസരത്തിന് വലിയ സന്തോഷം അറിയിച്ച അരിസ്‌റ്റോ സുരേഷ് തനിക്കുള്ള മറ്റൊരു ആഗ്രഹവും രാജീവ്കുമാറിനോട് പറഞ്ഞു. രാജീവ്കുമാറിന്റെ ചാണക്യന്‍ ഇറങ്ങിയത് മുതല്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നും സംവിധായകന്‍ ആകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സുരേഷ് പറഞ്ഞു. ഒപ്പം ഒരു ആഗ്രഹവും അദ്ദേഹം മുന്നോട്ടുവച്ചു. താങ്കളുടെ സഹസംവിധായകന്‍ ആക്കുമോ എന്നായിരുന്നു അത്.