അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ പരിഹാസവുമായി ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍. ട്രംപുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കണമെന്നും അതിന് ശേഷം ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ച് പൊളിക്കണമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അര്‍ണോള്‍ഡ് പറഞ്ഞു. ട്രംപിന്റെ പ്രസിഡന്‍റ് ജോലി തനിക്ക് തന്നാല്‍ ജനങ്ങള്‍ക്ക് സ്വസ്ഥമായി ഉറങ്ങാനാകുമെന്നും അര്‍ണോള്‍ഡ് തുറന്നടിച്ചു.

ആഴ്ചകള്‍ക്ക് മുമ്പാണ് ട്രംപും അര്‍നോള്‍ഡും തമ്മിലുള്ള വാഗ്വാദം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് അപ്രന്റീസ്’ എന്ന ചാനല്‍ പരിപാടിയുടെ അവതാരകനായിരുന്നു ട്രംപ്. തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് പോയപ്പോള്‍ ചാനല്‍ അധികൃതര്‍ പകരം അര്‍നോള്‍ഡിനെ അവതാരകനാക്കി.

തുടര്‍ന്ന് അര്‍ണോള്‍ഡിനെ പരിഹസിച്ച് ട്രംപ് രംഗത്തെത്തി. അര്‍ണോള്‍ഡ് വന്നതിനു ശേഷം പരിപാടി മോശമായെന്നും റേറ്റിങ് പോലും കുറഞ്ഞെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി അര്‍നോള്‍ഡും അദ്ദേഹത്തിന്റെ വക്താവും രംഗത്തെത്തി.

നമ്മുടെ ജോലികള്‍ പരസ്പരം വെച്ചുമാറാമെന്നും ട്രംപ് ടിവിയില്‍ പരിപാടി അവതരിപ്പിച്ചാല്‍ താന്‍ അമേരിക്കന്‍ പ്രസിഡന്റായിക്കോളാമെന്നും അതോടെ ജനങ്ങള്‍ക്ക് വീണ്ടും മനസമാധാനത്തോടെ ഉറങ്ങാമെന്നുമായിരുന്നു അര്‍ണോള്‍ഡിന്‍റെ പ്രതികരണം.