'ഇത് നടനല്ല, നാട്യങ്ങളില്ലാത്ത മനുഷ്യന്‍..' 'ആഭാസ'ത്തില്‍ ഒരു പെയിന്ററുടെ വേഷത്തിലാണ് ഇന്ദ്രന്‍സ്

അഭിനയപ്രതിഭ കൈവശമുണ്ടായിട്ടും ഏറെക്കാലം ടൈപ്പ്കാസ്റ്റിംഗിന്റെ കുരുക്കില്‍ പെട്ടുപോയ നടന്മാര്‍ക്കൊപ്പമാണ് ഇന്ദ്രന്‍സിന്റെ സ്ഥാനം. പക്ഷേ അടുത്തകാലത്ത് അദ്ദേഹം അതിനെ മറികടന്നു, അതിലേറെയും യുവാക്കളായ സാങ്കേതികപ്രവര്‍ത്തകരുടെ ചിത്രങ്ങളിലൂടെ.

വൈകിയെങ്കിലും അര്‍ഹതയ്ക്കുള്ള അംഗീകാരമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി, ആളൊരുക്കം എന്ന ചിത്രത്തിലൂടെ. ഇപ്പോഴിതാ ഇന്ദ്രന്‍സ് എന്ന അഭിനേതാവിന്റെ അര്‍പ്പണം അടുത്തുനിന്ന് കാണാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് പറയുകയാണ് സുനില്‍ ലാവണ്യ എന്ന കലാസംവിധായകന്‍.

ജുബിത്ത് നമ്പ്രാടത്തിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന 'ആഭാസം' എന്ന ചിത്രത്തില്‍ താന്‍ സാക്ഷിയായ അനുഭവത്തെക്കുറിച്ചാണ് സുനില്‍ ലാവണ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. സുനില്‍ പറയുന്നു..

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളൂരുവിലെ നട്ടപ്ര വെയിലത്ത് നാല്‍പ്പതടിയോളം ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞുതൂങ്ങിക്കിടന്ന് പെയിന്റടിക്കാന്‍? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി. നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോള്‍ ഞാന്‍ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട്, കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ.. അണ്ണാ ഇന്ന് നല്ല ഗംഭീര വര്‍ക്കായിരുന്നു.
എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെക്കൂടി എയറില്‍ നിര്‍ത്തിയേക്കുവായിരുന്നു.. ഇതാണ് ഇന്ദ്രന്‍സേട്ടന്‍. ഇത് നടനല്ല. നാട്യങ്ങളില്ലാത്ത
നല്ലൊന്നാന്തരം പച്ചമനുഷ്യന്‍. കരിയറിലെ മറ്റൊരസാധ്യവേഷവുമായി ഇന്ദ്രന്‍സ്. ആഭാസത്തില്‍. ഇന്ദ്രന്‍സ് as മലയാളി പെയിന്റര്‍..