മലയാള സിനിമയിലെ താരനക്ഷത്രങ്ങള്‍ നിറഞ്ഞ നിന്ന രാവില്‍ ആഘോഷമായി ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ് നൈറ്റ്. അങ്കമാലിയില്‍ നടന്ന പരിപാടി വ്യത്യസ്തമായ കോമഡി സ്കിറ്റുകളും,വ ര്‍ണാഭമായ നൃത്ത ഇനങ്ങളും കൊണ്ട് ശ്രദ്ധേയമായി.

രണ്ടാമത് ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ് വിതരണത്തിനാണ് അങ്കമാലി സാക്ഷ്യം വഹിച്ചത്. സൂപ്പര്‍ താരം മമ്മൂട്ടി, ജയറാം, മുകേഷ്, ദീലീപ്, ജയസൂര്യ, സിദ്ദിക്ക്, മംമ്ത മോഹന്‍ദാസ് തുടങ്ങിയ താരങ്ങള്‍ ആഘോഷരാവില്‍ നിറസാനിധ്യമായി.

ഏഷ്യാനെറ്റിലൂടെ വളര്‍ന്ന, മരണം വരെ ഏഷ്യാനെറ്റിന്‍റെ എല്ലാ സ്റ്റേജ് ഷോകളിലും നിറസാനിധ്യമായിരുന്ന കലാഭവന്‍ മണിയുടെ അനുസ്മരണം ചടങ്ങിനോട് അനുബന്ധിച്ച് നടത്തി. കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്കുള്ള സ്നേഹോപഹാരം നടന്‍ ദിലീപ് ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടറും, സ്റ്റാര്‍ സൗത്ത് ഇന്ത്യ മേധാവിയുമായി കെ മാധവനില്‍ നിന്ന് ഏറ്റുവാങ്ങി.


മികച്ച കോമഡി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഷാഫിയുടെ ടൂ കണ്‍ട്രീസാണ്. മികച്ച കോമഡി നടനായി ദിലീപും, നടിയായി മംമ്താ മോഹന്‍ദാസും തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ നടനായി ജയസൂര്യയും, നിത്യഹരിത താരമായി മുകേഷും,തെരഞ്ഞെടുക്കപ്പെട്ടു. സുരാജ് വെഞ്ഞാറുമ്മൂട്, സിദ്ദിക്ക്, സാജു നവോദയ, ശ്യാം പുഷ്കരന്‍, അരിസ്റ്റോ സുരേഷ്, എബ്രിഡ് ഷൈന്‍, നീരജ് മാധവ്, സൈജു കുറുപ്പ്, അനൂപ് ചന്ദ്രന്‍, ബീനാ അന്‍റണി, ധര്‍മജന്‍, റിമി ടോമി, കിഷോര്‍ എന്നിവര്‍ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.