മായാനദി താന്‍ ചെയ്യാന്‍ വെച്ചിരുന്ന സിനിമയായിരുന്നില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. അമല്‍ നീരദ് അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിനുവേണ്ടി ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ഒരു ചെറുകഥയാരുന്നു മായാനദിയുടെതെന്നും അപ്പുവിനെയും മാത്തനെയും കിട്ടിയശേഷം കഥയെ പിന്‍തുടരുകയായിരുന്നുവെന്നും ആഷിഖ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

അമല്‍ നീരദാണ് ഒരു ത്രെഡ് പറയുന്നത്. അമല്‍ ബോംബൈയില്‍ ഉണ്ടായിരുന്ന സമയത്ത് പല ആളുകളില്‍ നിന്നും കേട്ട യഥാര്‍ത്ഥ സംഭവത്തിന്റെ കഥയുടെ ഒറ്റവരി അന്നേ ഉണ്ടായിരുന്നു. അതിനെ സിനിമയാക്കി മാറ്റുകയായിരുന്നുവെന്ന് ആഷിഖ പറയുന്നു. പതിവ് പ്രണയ കഥകളെക്കാള്‍ മാറി നിന്ന ഒരു കഥയാണ് മായാനദിയുടെത്. വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. അതിന് പല തലങ്ങളുണ്ട്, അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു കഥയായിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. മായാനദിയുടെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നത് ഇങ്ങനെയായിരുന്നില്ലെന്നും സിനിമ നമ്മളെ കൊണ്ടുപോവുകയായിരുന്നുവെന്നും ആഷിഖ് അബു പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.

നടി പാര്‍വ്വതി പെണ്ണായത് കൊണ്ടാണ് ഇത്രയധികം ആക്രമണങ്ങള്‍ ഉണ്ടായതെന്ന് സംവിധായകന്‍ ആഷിഖ് അബു. ഒരു സ്ത്രീയാണ് സംസാരിക്കുന്നത് എന്നതു കൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായതെന്ന് ആഷിഖ് അബു പോയിന്റ് ബ്ലാങ്കില്‍ പ്രതികരിച്ചു. കസബ എന്ന മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിയെ പിന്‍തുണച്ച് സംസാരിച്ചതിന്റെ പേരില്‍ ആഷിഖ് സംവിധാനം ചെയ്ത മായാനദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു.