വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കേരളത്തിന്‍റെ ആത്മവിശ്വാസത്തിന് അടിവരയിട്ടുകൊണ്ട് ആടി പാടിയ ചേരാനല്ലൂര്‍ സ്വദേശി ആസിയ ബീവിയെ ആരും മറന്നിട്ടുണ്ടാകില്ല. ഇതിന്‍റെ വീഡിയോ വൈറലായിരുന്നു. നിരവധിപേര്‍ ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ മഹാപ്രളയത്തിന്‍റെ കെടുതികള്‍ പേറുകയാണ് കേരളം. കാലവര്‍ഷത്തിന്‍റെ കുത്തൊഴുക്കില്‍ ജനജീവിതമാകെ താറുമാറായി. വീടും സന്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിലാണ് പലരും. എന്നാല്‍ മഹാപ്രളയത്തിന്‍റെ കെടുതികളെയെല്ലാം കേരളം ഒന്നിച്ച് നിന്ന് അതിജീവിക്കുമെന്ന ദൃഢനിശ്ചയമാണ് അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്.

ദുരിതാശ്വാസ ക്യാന്പുകളിലെ സന്തോഷം തെളിയിക്കുന്നതും അതാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ നിരാശയല്ല, മറിച്ച് എന്തും നേരിടുമെന്നും അതിജീവിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് ഏവരുടെയും മുഖത്ത് തെളിയുന്നത്. 

വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കേരളത്തിന്‍റെ ആത്മവിശ്വാസത്തിന് അടിവരയിട്ടുകൊണ്ട് ആടി പാടിയ ചേരാനല്ലൂര്‍ സ്വദേശി ആസിയ ബീവിയെ ആരും മറന്നിട്ടുണ്ടാകില്ല. ഇതിന്‍റെ വീഡിയോ വൈറലായിരുന്നു. നിരവധിപേര്‍ ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കിസ്മത്തിന്‍റെ സംവിധായനകന്‍ ഷാനവാസ് കെ.ബാവക്കുട്ടിയാകട്ടെ തന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ആസിയയെ ക്ഷണിച്ചു കഴിഞ്ഞു. വിനായകന്‍ നായകനാകുന്ന ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയാകുന്നതെയുള്ളു. ആസിയ ബിവിയെ ഫോണില്‍ വിളിച്ച് ഷാനവാസ് ഓഫര്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു. മഹാ പ്രളയത്തിന്‍റെ പിടിയിലകപ്പെട്ട ആസിയ സുഖമില്ലാത്ത ഭർത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് ക്യാന്പിലെത്തിയത്.