ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ രാജ്യസഭ എംപിയും നടിയുമായ രേഖയായിരുന്നു ശനിയാഴ്ച മാധ്യമപ്പടയുടെ ശ്രദ്ധാകേന്ദ്രം. ഇന്ന് രേഖ ധരിച്ചിരുന്ന സാരിയാണ് ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുന്നത്. ഇന്ന് രാവിലെ 11.15ഓടെയാണ് രേഖ പാര്‍ലമെന്റില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്. ക്രീം കളര്‍ സാരി ധരിച്ചാണ് അവര്‍ എത്തിയത്. 

ഈ സാരിയിലെ സവിശേഷമായ എംബ്രോയിഡറിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. ഒറ്റ നോട്ടത്തില്‍ ബിജെപിയുടെ ചിഹ്നമായ താമര പോലെ തോന്നിക്കുന്ന എംബ്രോയിഡറിയാണ് രേഖയുടെ സാരിയില്‍ ഉണ്ടായിരുന്നത്. ഇത് മാധ്യമ ക്യാമറകള്‍ ഒപ്പിയെടുത്തു. രേഖയുടെ സാരിയിലെ അടയാളം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ എന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ച. കോണ്‍ഗ്രസിന്റെ നോമിനേറ്റഡ് അംഗമയ രേഖ ബിജെപിയിലേക്ക് പോകുമോ എന്നാണ് ചര്‍ച്ച.

കോണ്‍ഗ്രസ് പ്രതിനിധിയായി 2012ലാണ് രേഖ രാജ്യസഭയില്‍ എത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്ന ഇക്കാലത്ത് രേഖയും കൂടുമാറിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് വിലയിരുത്തല്‍. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് നിന്നും വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് ചെയ്‌തോ എന്നും ഉറപ്പിക്കാറായിട്ടില്ല.