2 ബില്യണ്‍ നേടുന്ന നാലാമത്തെ ചിത്രം
അവഞ്ചേഴ്സ് ഇന്ഫിനിറ്റി വാറിന്റെ ബോക്സ്ഓഫീസിനെ ചുറ്റിപ്പറ്റിയുള്ള വാര്ത്തകള്ക്ക് ഇനിയും അവസാനമില്ല. ഏപ്രില് 27ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം ലോക സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് സ്ഥാനമുറപ്പിച്ചു. ഏതൊരു ഹോളിവുഡ് നിര്മ്മാതാവിനെയും മോഹിപ്പിക്കുന്ന രണ്ട് ബില്യണ് ഡോളര് (ഏകദേശം 13,500 കോടി രൂപ) ക്ലബ്ബിലേക്കാണ് അവഞ്ചേഴ്സ് പ്രവേശനം നേടിയിരിക്കുന്നത്. ഈ സ്വപ്ന ക്ലബ്ബില് പ്രവേശനം ലഭിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. റിലീസ് ചെയ്ത് ഏഴ് ആഴ്ചകള്ക്കിപ്പുറമാണ് നേട്ടമെന്ന് വാള്ട്ട് ഡിസ്നി അറിയിച്ചു.
ജെയിംസ് കാമറൂണ് ചിത്രങ്ങളായ അവതാര്, ടൈറ്റാനിക്, സ്റ്റാര് വാര്സ് സിരീസിലെ 2015 ചിത്രം ദി ഫോഴ്സ് അവേക്കന്സ് എന്നിവയാണ് സിനിമാ ചരിത്രത്തില് ഇതുവരെ രണ്ട് മില്യണ് ഡോളര് എന്ന സ്വപ്ന കളക്ഷന് നേടിയിട്ടുള്ളത്.
യുഎസിലും കാനഡയിലും നിന്ന് മാത്രം ചിത്രം ഇതിനകം 656.1 മില്യണ് ഡോളര് നേടിയിട്ടുണ്ട്. ആഭ്യന്തര മാര്ക്കറ്റില് ആദ്യ വാരത്തില് മാത്രം ചിത്രം റെക്കോര്ഡ് കളക്ഷനാണ് നേടിയത്. 257.7 മില്യണ് ഡോളറായിരുന്നു അത്. ചൈനയില് നേടിയ 369.7 മില്യണ് ഡോളര് അവിടുത്തെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷനാണ്. ഇന്ത്യയില് ഒരു ഹോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ കളക്ഷനുമാണ് ഇന്ഫിനിറ്റി വാറിന്റേത്. ആദ്യ വാരാന്ത്യത്തില് മാത്രം ചിത്രം ഇന്ത്യയില് നിന്ന് നേടിയത് 120 കോടി രൂപയിലേറെയാണ്.
