300 മില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രം മാര്‍വല്‍ സിനിമാറ്റിക്‌ യൂണിവേഴ്‌സ്‌ താരങ്ങള്‍ ഒരുമിച്ച്‌


ഹോളിവുഡിന്റെ ഇക്കൊല്ലത്തെ പ്രധാന പ്രതീക്ഷകളിലൊന്നായിരുന്നു 'അവഞ്ചേഴ്‌സ്‌: ഇന്‍ഫിനിറ്റി വാര്‍'. മാര്‍വല്‍ സ്റ്റുഡിയോസ്‌ തങ്ങളുടെ സിനിമാറ്റിക്‌ യൂണിവേഴ്‌സിലെ സൂപ്പര്‍ഹീറോകളെ ഒറ്റസ്‌ക്രീനില്‍ അണിനിരത്തിയപ്പോള്‍ യുഎസിലെ ആഭ്യന്തര ബോക്‌സ്‌ഓഫീസില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ ഹോളിവുഡിന്റെ മറ്റ്‌ പ്രധാന വിപണികളിലും മികച്ച നേട്ടം. അടുത്തകാലത്തായി പ്രധാനപ്പെട്ട ഹോളിവുഡ്‌ പ്രോജക്ടുകള്‍ക്കെല്ലാം മികച്ച ഇനിഷ്യല്‍ ലഭിക്കുന്ന ഇന്ത്യന്‍ ബോക്‌സ്‌ഓഫീസില്‍ ചിത്രം ആദ്യദിനം തന്നെ എടുത്തുപറയാവുന്ന നേട്ടം സ്വന്തമാക്കി. ബോളിവുഡും ടോളിവുഡും കോളിവുഡുമൊക്കെയുള്‍പ്പെടെ ഈ വര്‍ഷമിറങ്ങിയ സൂപ്പര്‍താരചിത്രങ്ങളെയെല്ലാം ആദ്യദിന കളക്ഷനില്‍ പിന്നിലാക്കിയിരിക്കുകയാണ്‌ 'ഇന്‍ഫിനിറ്റി വാര്‍'.

ഇന്ത്യയിലെ രണ്ടായിരത്തിലേറെ സ്‌ക്രീനുകളില്‍നിന്ന്‌ ചിത്രം ആദ്യദിനം നേടിയത്‌ 30 കോടിയിലേറെയെന്ന്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'ബാഹുബലി: ദി കണ്‍ക്ലൂഷനേ'ക്കാള്‍ ഫസ്റ്റ്‌ ഡേ ഒക്കുപ്പന്‍സി ലഭിച്ചു ചിത്രത്തിന്‌. ഇന്ത്യയില്‍ ഇതിനുമുന്‍പ്‌ ഒരു ഹോളിവുഡ്‌ ചിത്രത്തിനും 15 കോടിയിലധികം ഇനിഷ്യല്‍ ലഭിച്ചിട്ടില്ലെന്ന്‌ അറിയുമ്പോഴാണ്‌ 'മാര്‍വല്‍' നായകരുടെ ഫാന്‍പവര്‍ എന്തെന്ന്‌ അറിയുക.

മറ്റ്‌ പ്രധാന ഹോളിവുഡ്‌ പ്രോജക്ടുകള്‍ പോലെ ഒറിജിനല്‍ ഇംഗ്ലീഷ്‌ പതിപ്പ്‌ കൂടാതെ ഹിന്ദി, തമിഴ്‌, തെലുങ്ക്‌ ഭാഷാപതിപ്പുകളില്‍ക്കൂടിയാണ്‌ ചിത്രത്തിന്റെ ഇന്ത്യയിലെ രണ്ടായിരത്തിലധികം സ്‌ക്രീനുകള്‍. 300 മില്യണ്‍ ഡോളര്‍ (1998 കോടി രൂപ) ച്ചെലവുള്ള ചിത്രം യുഎസ്‌ ആഭ്യന്തര വിപണിയില്‍ നിന്ന്‌ 230 മില്യണിന്റെ ഇനിഷ്യല്‍ നേടുമെന്നാണ്‌ ഹോളിവുഡ്‌ ട്രേഡ്‌ അനലിസ്‌റ്റുകളുടെ കണക്കുകൂട്ടല്‍. 'സ്‌റ്റാര്‍ വാര്‍സ്‌: ഫോഴ്‌സ്‌ അവേക്കന്‍സി'ന്റെ പേരിലാണ്‌ യുഎസില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന ഇനിഷ്യല്‍ കളക്ഷന്‍. 248 മില്യണാണ്‌ ചിത്രം ഇനിഷ്യല്‍ നേടിയത്‌.