അവാർഡുകൾ ബുൾഷിറ്റ്ആണെന്നും, കുറച്ചുപേർ ചേർന്ന് ജനങ്ങളുടെ ഇഷ്ടം തീരുമാനിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും നടൻ വിശാൽ. അവാർഡ് ലഭിച്ചാൽ ഡസ്റ്റ്ബിന്നിൽ ഇടുമെന്നും അദ്ദേഹം പറഞ്ഞു.
അവാർഡുകൾ ബുൾഷിറ്റ് ആണെന്നും, ഏഴ് കോടി ജനങ്ങളുടെ ഇഷ്ടം തീരുമാനിക്കാൻ ഇവർ ആരാണെന്നും നടൻ വിശാൽ. തനിക്ക് കിട്ടാത്തത് കൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും ഇനി കിട്ടിയാൽ തന്നെ അതെടുത്ത് ഡസ്റ്റ് ബിന്നിൽ ഇടുമെന്നും വിശാൽ കൂട്ടിച്ചേർത്തു. താരത്തിന്റെ പുതിയ പോഡ്‌കാസ്റ്റിലായിരുന്നു അവാർഡുകളെ കുറിച്ചുള്ള പരാമർശം.
"എനിക്ക് അവാർഡുകളിൽ വിശ്വാസമില്ല. കുറച്ചുപേര് ഇരുന്നിട്ട് ഏഴുകോടി ജനങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമ ഏതെന്ന് തീരുമാനിക്കാൻ ഇവർ ആരാണ് മേധാവികളോ. ദേശീയ അവാർഡ് ഉൾപ്പെടെയെയാണ് ഞാൻ പറയുന്നത്. ആളുകളുടെ അടുത്ത് നിന്നെടുക്കുന്ന സർവേയാണ് മുഖ്യം. അവാർഡൊരു ബുൾഷിറ്റ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. അത് എനിക്ക് കിട്ടാത്തതുകൊണ്ടല്ല ഞാനിങ്ങനെ പറയുന്നത്. അവാർഡുകൾക്കുള്ള മാനദണ്ഡമാണ് പ്രശ്‌നം. അവാർഡ് കിട്ടണമെന്ന് വിചാരിച്ചിട്ടല്ല ഞാൻ ഒരു പടം ചെയ്യുന്നത്. എനിക്ക് അവാർഡ് കിട്ടിയാൽ തന്നെ അതെടുത്ത് ഡസ്റ്റ്ബിന്നിൽ ഇടും. അഥവാ ഇനിയത് സ്വർണമാണെങ്കിൽ പോകുന്ന വഴിയിൽ അത് വിറ്റിറ്റ് അന്നദാനം നടത്തും." വിശാൽ പറഞ്ഞു.
മകുടം വരുന്നു
പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത 'മധ ഗജ രാജ'യ്ക്ക് ശേഷം തന്‍റെ 35-ാം ചിത്രവുമായ മകുടം എന്ന ചിത്രവുമായാണ് വിശാൽ ഇനി വരുന്നത്. തമിഴിലെ ശ്രദ്ധേയ പ്രൊഡക്ഷൻ ബാനറായ സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ മുതിർന്ന നിർമ്മാതാവ് ആർ.ബി. ചൗധരി നിർമ്മിക്കുന്നതാണ് ചിത്രം. ഒരു കപ്പലിൽ കെ ജി എഫിലെ റോക്കി ഭായിയെ പോലെ സ്യൂട്ട് ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന വിശാലിനെയാണ് ടൈറ്റിൽ അനൗണ്‍സ്‍മെന്റ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 2023 ലെ സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക് ശേഷം ജി വി പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് മകുടം. മകുടം എന്നാൽ തമിഴിൽ കിരീടം എന്നാണ് അർത്ഥം. ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഷൂട്ടിങ് തുടങ്ങിയ സിനിമയിൽ വിശാലിന്റെ നായികയായി എത്തുന്നത് ദുഷാര വിജയനാണ്. വിശാലിന്റെ വിജയ സിനിമകളായ സമർ, നാൻ സിഗപ്പു മനിതൻ,കത്തി സണ്ടൈ, മദ ഗജ രാജ എന്നീ സിനിമകളുടെ ക്യാമറാമാൻ റിച്ചാർഡ് എം നാഥനാണ് മകുടത്തിന്റെയും ക്യാമറ ചലിപ്പിക്കുന്നത്.



