അങ്കമാലി: കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ജിഷ്ണു പ്രണോയ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണവും സ്വശ്രയ കൊള്ളയും നാടകവേദിയില്‍. ജിഷ്ണു പ്രണോയ് വിഷയത്തെയും സ്വാശ്രയ മാനേജ്‌മെന്റ് ഇടപെടലുകളെയും വിഷയമാക്കി മറ്റൊരു വിദ്യാർത്ഥിയുടെ ജീവിതം വരച്ചുകാട്ടുന്ന നാടകമാണ് ആഴം. അങ്കമാലി അക്ഷയ അവതരിപ്പിക്കുന്ന ഈ പ്രഫഷണല്‍ നാടകം സംസ്ഥാന സർക്കാരിന്‍റെ ഇക്കൊല്ലത്തെ നാടക രചനാ പുരസ്കാരം നേടിയ മുഹാദ് വെമ്പായമാണ് രചിച്ചിരിക്കുന്നത്. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്നത്.

മക്കളുടെ വിദ്യാഭ്യാസത്തിൽ അതീവ ശ്രദ്ധാലുക്കളായ മാതാപിതാക്കൾ അവരുടെ മനസിനും വ്യക്തിസ്വാതന്ത്ര്യത്തിനും വില നൽകിയില്ലെങ്കിൽ സംഭവിക്കിച്ചേക്കാവുന്ന ദുരന്തങ്ങളും മാനേജ്‌മെന്‍റുകളുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റങ്ങളും ഈ നാടകം ചർച്ച ചെയ്യുന്നു.
പ്രതികരണ ശേഷി ഇല്ലാത്ത ഒരു തലമുറയെ ആണ് ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ സമ്മാനിക്കാൻ പോകുന്നത് എന്ന് നാടകം ആശങ്കപ്പെടുന്നു. അരങ്ങിലെത്തിയ ആഴം ഉത്‌ഘാടന വേദി മുതൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

ദിനേശ് മേനോൻ , ബിസ്മി ,എന്‍ജി ഉണ്ണികൃഷ്ണൻ,ലേഖ ചേർത്തല ഷൈജു സായ്, സലാം കക്കേരി,അനസ് കക്കേരി , ബാബു വാക്കനാട് , നിഷ ബിജു തുടങ്ങിയവരാണ് അഭിനേതാക്കൾ. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കാണണം എന്ന ലക്ഷ്യത്തോടെയാണ് നാടകത്തിന്‍റെ നിർമ്മിതി എന്ന് സംഘാടകർ അഭിപ്രായപ്പെടുന്നു.