കളക്ഷനിലും മറ്റും ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് ബാഹുബലി: ദ കൺക്ലൂഷൻ. ഇപ്പോഴിതാ, പുതിയൊരു നേട്ടം കൂടി ബാഹുബലി 2നെ തേടിയെത്തിയിരിക്കുന്നു. വിഖ്യാതമായ റോട്ടൺ ടൊമാറ്റോസിന്റെ ഈ വര്‍ഷത്തെ പട്ടികയിൽ ബാഹുബലി 2 ഇടംനേടിയതാണ് ഏറ്റവും പുതിയ വിവരം. ഇവിടെ തീരുന്നില്ല ബാഹുബലിയുടെ വിശേഷം. റോട്ടൺ ടൊമാറ്റോസിൽ ഇടംനേടിയ 12 ചിത്രങ്ങളിൽ മൂന്നു സിനിമകള്‍ 100 ശതമാനം സ്‌കോര്‍ നേടിയിരുന്നു. ഈ മൂന്നു ചിത്രങ്ങളിലൊന്ന് ബാഹുബലി 2 ആണ്. ലോകത്താകമാനം റിലീസ് ചെയ്ത ബാഹുബലി 2 ഇതുവരെ 1700 കോടി രൂപയാണ് കളക്ഷനായി നേടിയത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ടാം ഭാഗത്തിൽ പ്രഭാസ്, അനുഷ്ക ഷെട്ടി, സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.