ചിത്രമിറങ്ങി ഒരുവര്‍ഷത്തിന് ശേഷമാണ് ചൈനയിലെ തിയേറ്ററുകളിലെത്തിയത്
ബെയ്ജിംങ്ങ്: നേട്ടങ്ങളുടെ പടി കയറി വീണ്ടും ബാഹുബലി രണ്ടാം ഭാഗം. ചൈനയിൽ റിലീസ് ചെയ്ത ആദ്യ ദിവസം 16 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം രാജ്യത്ത് വൻ തരംഗമുണ്ടാക്കി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ചൈനയിലെ തിയേറ്ററുകളിലെത്തിയത്. പക്ഷെ, സ്വീകാര്യതയ്ക്ക് ഒട്ടു കോട്ടം തട്ടിയിട്ടില്ല. മെയ് 4ന് റിലീസ് ചെയ്ത ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയത് 16 കോടിയിലധികം രൂപ.
ഇന്ത്യൻ സിനിമകൾക്ക് ചൈനയിലുള്ള വിപണി സാധ്യതയ്ക്ക് നേരത്തെയും ഉദാഹരണങ്ങളുണ്ട്. ചൈനയിലെ ഇന്ത്യൻ സിനിമകളുടെ ആദ്യദിന കളക്ഷനിൽ ബാഹുബലിക്ക് മൂന്നാം സ്ഥാനം മാത്രമേ അവകാശപ്പെടാനാകൂ. ആമിർ ഖാന്റെ സീക്രട്ട് സൂപ്പർസ്റ്റാർ, ഇർഫാൻ ഖാന്റെ ഹിന്ദി മീഡിയം എന്നിവയാണ് മുന്നിലുള്ളത്. ബാഹുബലിയുടെ ഒന്നാം ഭാഗത്തിനും വലിയ സ്വകാര്യതയാണ് ചൈനയിൽ ലഭിച്ചത്. ഇന്ത്യയിൽ കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രം അധികം വൈകാതെ 500 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയായിരുന്നു.
