ബാഹുബലി കണ്ടിറങ്ങുന്നവരുടെ മനസില്‍ നിന്നും മങ്ങാതെ നില്‍ക്കുന്ന മുഖമേതാണെന്ന് ചോദിച്ചാല്‍ ആദ്യ ഉത്തരം ശിവകാമിയുടേതായിരിക്കും. മഹിഷ്മതിയുടെ രാജ്ഞിയായി രമ്യാ കൃഷ്ണന്‍ നടത്തിയ അതുല്യപ്രകടനം തിയറ്ററില്‍ നിന്നിറങ്ങിയാലും ആരാധകര്‍ മനസില്‍ ചേര്‍ത്തുവെയ്ക്കും. കോപവും കരുണയും എല്ലാം ഒരുപോലെ തന്റെ കണ്ണുകളിലൂടെ രമ്യാ കൃഷ്ണന്‍ പ്രേക്ഷകരെ അനുഭവിപ്പിച്ചു.

ശിവകാമിയുടെ സ്ഥാനത്ത് മറ്റൊരു നടിയെക്കുറിച്ച് ആലോചിക്കാന്‍ പോലും പ്രക്ഷേകര്‍ക്കാവില്ല. എന്നാല്‍ ശിവകാമിയാവാന്‍ സംവിധായകന്‍ രാജമൗലി ആദ്യം ക്ഷണിച്ചത് രമ്യാ കൃഷ്ണനെ അല്ല എന്നാണ് റിപ്പോര്‍ട്ട്.ശിവകാമിയായി ബോളിവുഡിലെ താരസുന്ദരിയായ ശ്രീദേവിയായിരുന്നു രാജമൗലിയുടെ മനസില്‍. ഇതിനായി സംവിധായകന്‍ രാഘവേന്ദ്ര റാവു വഴി രാജമൗലി ശ്രീദേവിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ശ്രീദേവി ആവശ്യപ്പെട്ട പ്രതിഫലം വലുതായിരുന്നു. ആറു കോടി രൂപയായിരുന്നു ശ്രീദേവി ആവശ്യപ്പെട്ടതെന്നാണ് സൂചന.

അതിനുശേഷമാണ് രാജമൗലി രമ്യാ കൃഷ്ണനെ ശിവകാമിയുടെ റോളിലേക്ക് പരിഗണിച്ചത്. രമ്യയാകട്ടെ ഇനിയൊരു പേര് ചിന്തിക്കാന്‍ പോലും കഴിയാത്തവിധത്തില്‍ ആ റോള്‍ മനോഹരമാക്കുകയും ചെയ്തു. 2.5 കോടി രൂപയാണ് രമ്യയ്ക്ക് പ്രതിഫലമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.