മുംബൈ: ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതി ബാഹുബലി-2 മുന്നേറുകയാണ്. ദക്ഷിണേന്ത്യയിലെ പ്രാദേശിക ഭാഷയില്‍ ചിത്രീകരിച്ചൊരു സിനിമ ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമെഴുതുമ്പോള്‍ അന്തംവിട്ട് കണ്ണു തള്ളി നില്‍ക്കുന്നവരില്‍ ബോളിവുഡുമുണ്ട്. ബോളിവുഡിന് എന്തുകൊണ്ട് ബാഹുബലി പോലൊരു ചിത്രം നിര്‍മിക്കാന്‍ സാധിക്കില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനറായ പിഎം സതീഷ്. ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് 20 വര്‍ഷമായി ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമകളിലും സൗണ്ട് ഡിസൈനറെന്ന നിലയില്‍ കൈയൊപ്പ് ചാര്‍ത്തിയ സതീഷ് മനസുതുറന്നത്.
ബോളിവുഡില്‍ ഒരിക്കലും ഒരു ബാഹുബലി ഉണ്ടാവില്ല. കാരണം അച്ചടക്കം തന്നെ. ബോളിവുഡിന് അച്ചടക്കമില്ല. തെലുങ്കില്‍ നിര്‍മിച്ചൊരു ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രമാകുന്നതിന് കാരണം ആ സിനിമയുട മുടക്കുമുതല്‍ തന്നെയാണ്. എന്നാല്‍ ബോളിവുഡില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിനായി മുടക്കിയ തുകയുടെ വലിയൊരു ഭാഗവും സിനിമയുടെ പ്രൊഡക്ഷനുവേണ്ടിയാണ് ചെലവിട്ടത്. അല്ലാതെ വമ്പന്‍ താരങ്ങളുടെ പ്രതിഫലത്തിനായല്ല.
ബോളിവുഡില്‍ 600 കോടി രൂപ മുടക്കി ഒരു സിനിമ എടുക്കുമ്പോള്‍ കൂടുതല്‍ പണവും ചെലവഴിക്കേണ്ടിവരിക അതിലെ സൂപ്പര്‍ താരങ്ങളുടെ പ്രതിഫല ഇനത്തിലായിരിക്കും. 600 കോടി രൂപ മുടക്കി എടുക്കുന്ന സിനിമയില്‍ 100 കോടിയായിരിക്കും പ്രൊഡക്ഷന് വേണ്ടി ചെലവിടുക. അതും നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ മാത്രം. ബോളിവുഡില്‍ എല്ലാം ഏതാനും ചില താരങ്ങളെ ചുറ്റിപ്പറ്റിയാണ്.
എന്നാല്‍ ബാഹുബലിയില്‍ ഓരോ നയാപൈസയും സിനിമയുടെ നിര്‍മാണത്തിനുവേണ്ടിയാണ് ചെലവഴിച്ചത്. അതുതന്നെയാണ് ചിത്രം ഇത്രയും വിജയമാവാന്‍ കാരണവും. ബോളിവുഡില്‍ സിനിമ ചെയ്യുമ്പോള്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കുപോലും താന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.
