വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബാഹുബലി. റിലീസിന് മുമ്പ് തന്നെ രണ്ടാം ഭാഗം വലിയ തരംഗമാണ് ഉയര്‍ത്തുന്നത്. ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം 51 കോടി രൂപയ്‌ക്ക് വിറ്റ് പുതിയ റെക്കോര്‍‍ഡിട്ടിരിക്കുകയാണ് ബാഹുബലി 2.

റിലീസിന് ഇനിയുമുണ്ട് ആറു മാസം. പക്ഷേ ബാഹുബലി രണ്ട് കുതിപ്പ് തുടങ്ങി കഴിഞ്ഞു. തീയറ്ററുകളിലെത്തും മുമ്പ് തന്നെ കോടികളുടെ കിലുക്കം. സിനിമയുടെ വിതരണാവകാശവും ടെലിവിഷന്‍ സംപ്രേക്ഷണാവകാശവും എല്ലാം നിര്‍മ്മാതാക്കളുടെ കീശ നിറയ്‌ക്കുകയാണ്. ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഹിന്ദി പകര്‍പ്പവകാശം 45 കോടിക്കാണ് വിറ്റതെങ്കില്‍ രണ്ടാം ഭാഗം അതുക്കും മേലെ. 51 കോടിക്കാണ് സോണി ടിവി അവകാശം നേടിയത്. ഒരു പ്രാദേശിക ഭാഷാചിത്രം ഇത്രയും തുകയ്‌ക്ക് വിറ്റുപോകുന്നത് ഇതാദ്യം. ചിത്രത്തിന്റെ ആദ്യഭാഗം റേറ്റിംഗില്‍ ചരിത്രം കുറിച്ച സാഹചര്യത്തിലാണ് രണ്ടാം ഭാഗത്തിന് ഡിമാന്റ് കൂടിയത്. ഒന്നാം ഭാഗം റിലീസിന് മുമ്പ് 150കോടിയുടെ ലാഭം ആണ് നേടിയതെങ്കില്‍, രണ്ടാം പതിപ്പ് ഇതിനകം 300കോടിയുടെ ലാഭത്തിലേക്ക് അടുത്തുകഴിഞ്ഞു എന്നാണ് സൂചനകള്‍. തമിഴ്, തെലുങ്ക്, മലയാളം പതിപ്പുകളുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം വിറ്റുപോയികഴിഞ്ഞു. ഒന്നാം ഭാഗം സസ്‌പെന്‍സില്‍ അവസാനിപ്പിച്ചതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. എസ്എസ് രാജമൗലി വിസ്മയച്ചെപ്പ് തുറക്കുന്നത് ഏപ്രില്‍ 28ന്.