റിലീസ് ചെയ്ത് ഒരാഴ്ചയില്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 31.7 കോടി രൂപയാണെന്ന് അനൗദ്യോഗികമായ വിവരം. 
പുലിമുരുകന്‍റെ റെക്കോഡ് മറികടന്ന് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിവസം സൃഷ്ടിച്ച റെക്കോര്‍ഡ് കലക്ഷന്‍ റെക്കോഡ് ബാഹുബലി ആദ്യ ദിവസം തകര്‍ത്തു. ആറരക്കോടി രൂപ റിലീസിങ് ദിവസം തന്നെ ബാഹുബലി 2 കേരളത്തില്‍ നിന്നും നേടിയിരുന്നു.

പ്രമുഖമായ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ ഒന്നും ബാഹുബലി 2 ടിക്കറ്റ് ലഭിക്കാനില്ല. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി ഇതിനോടകം ബാഹബലി 2 മാറിക്കഴിഞ്ഞു. ആമീര്‍ ഖാന്റെ പികെ സൃഷ്ടിച്ച 750 കോടിയൊക്കെ കാറ്റില്‍ പറത്തി, 800 കോടിയ്ക്ക് മുകളില്‍ ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. അമേരിക്കയില്‍ നിന്ന് മാത്രം 64 കോടിയാണത്രെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ നേടിയത്.

180 കോടിയ്ക്കായിരുന്നു ബാഹുബലി ഒന്ന് ഒരുക്കിയത്. 650 കോടി രൂപ ചിത്രം ആകെ പ്രദര്‍ശനത്തിലൂടെ നേടി. ബാഹുബലി ദ കണ്‍ക്ലൂഷന് വേണ്ടി ചെലവായത് 250 കോടി രൂപയാണ്. ആദ്യ ദിവസം തന്നെ 125 കോടി രൂപ കലക്ഷന്‍ നേടി ചരിത്രം കുറിച്ചു ചിത്രം. 

ബാഹുബലി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം കേരളത്തില്‍ മറ്റ് സിനിമകളെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍, നിവിന്‍ പോളിയുടെ സഖാവ്, ബിജു മേനോന്റെ രക്ഷാധികാരി ബൈജു ഒപ്പ്, ദുല്‍ഖര്‍ സല്‍മാന്‍ സിഐഎ എന്നീ ചിത്രങ്ങളെ ബാഹുബലിയുടെ കുത്തിയൊഴുക്ക് ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.