ബംഗളൂരു: ബാഹുബലി സിനിമയുടെ രണ്ടാം ഭാഗം കര്‍ണാടകത്തില്‍ റിലീസ് ചെയ്യുന്നതിനുളള തടസ്സം നീങ്ങി. കാവേരി വിഷയത്തിലെ വിവാദപ്രസംഗത്തില്‍ നടന്‍ സത്യരാജ് മാപ്പുപറഞ്ഞതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കുന്നതായി തീവ്ര കന്നഡ അനുകൂല സംഘടനകള്‍ അറിയിച്ചു. 

ചിത്രത്തിന്റെ റിലീസ് ദിവസമായ ഏപ്രില്‍ ഇരുപത്തിയെട്ടിന് നടത്താനിരുന്ന കര്‍ണാടക ബന്ദും പിന്‍വലിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് കര്‍ണാടക ഫിലിം ചേമ്പറും വ്യക്തമാക്കി. കന്നഡ അനുകൂല സംഘടനകളുടെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഇന്നലെയാണ് നടന്‍ സത്യരാജ് മാപ്പുപറഞ്ഞത്.