Asianet News MalayalamAsianet News Malayalam

വിഖ്യാത ബംഗാളി സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി  ചികിത്സയിലായിരുന്നു അദ്ദേഹം. 

bengali film maker Mrinal Sen died at 95
Author
Kolkata, First Published Dec 30, 2018, 1:08 PM IST

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സിനിമാ സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി  ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.  

ഇന്ത്യന്‍ സിനിമയില്‍ തന്നെ മാറ്റം വരുത്തിയ ഭുവന്‍ഷോം ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍. 

ഭുവന്‍ ഷോം (1969), കോറസ് (1974), മൃഗയ(1976), അകലെര്‍ സന്ധാനെ (1980) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.  ഭുവന്‍ ഷോം, ഏക് ദിന്‍ പ്രതിദിന്‍(1979), അകലെര്‍ സന്ധാനെ, ഖന്ധര്‍ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.

1923 മെയ് 14 ന് ബംഗ്ലാദേശിലെ ഫരീദ്പൂരിലാണ് അദ്ദേഹം ജനിച്ചത്. ബംഗ്ലാദേശില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം കൊല്‍ക്കത്തയിലേക്ക് വരികയായിരുന്നു സെന്‍. സ്കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ഫിസിക്സില്‍ പഠനം പൂര്‍ത്തിയാക്കി കല്‍കട്ട യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. 

Follow Us:
Download App:
  • android
  • ios